റിയാദ്- ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലും ദമാമിലും പാർപ്പിട പദ്ധതികൾ നടപ്പാക്കുന്നതിന് ചൈനീസ് കമ്പനികളുമായി കരാറുകൾ ഒപ്പുവെച്ചു. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിനിടെയാണ് ഇന്നലെ കരാറുകൾ ഒപ്പുവെച്ചത്. അൽഹസയിലെ അൽഅസ്ഫർ സബർബ് പദ്ധതി പ്രദേശത്ത് 17,000 പാർപ്പിടങ്ങൾ നിർമിക്കുന്നതിന് മൂന്നു ചൈനീസ് കമ്പനികൾ അടങ്ങിയ കൺസോർഷ്യവും പാർപ്പിടകാര്യ മന്ത്രാലയവും നാഷണൽ ഹൗസിംഗ് കമ്പനിയും ആണ് കരാർ ഒപ്പുവെച്ചത്. 270 കോടി ഡോളറാണ് കരാർ തുക. പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കോടി ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് ആറു വർഷത്തിനുള്ളിൽ ചൈനീസ് കൺസോർഷ്യം പാർപ്പിടങ്ങൾ നിർമിക്കും.
ജിദ്ദയിലും ദമാമിലും 9658 പാർപ്പിടങ്ങൾ നിർമിക്കുന്നതിന് സൗദി, ചൈനീസ് കമ്പനികൾ അടങ്ങിയ മറ്റൊരു കൺസോർഷ്യവുമായും പാർപ്പിട കാര്യ മന്ത്രാലയവും നാഷണൽ ഹൗസിംഗ് കമ്പനിയും ഇന്നലെ കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ അമീർ ഫവാസ് ഡിസ്ട്രിക്ടിൽ പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 6512 ഫഌറ്റുകളും ദമാമിൽ 1632 വില്ലകളും 1514 ഫഌറ്റുകളുമാണ് കൺസോർഷ്യം നിർമിക്കുക. ആദ്യഘട്ട പാർപ്പിടങ്ങൾ കൺസോർഷ്യം 2020 ൽ കൈമാറും.