ജറൂസലം- ഇസ്രായില്‍ പ്രസിഡന്റും മുന്‍മന്ത്രിയും ചേര്‍ന്ന് തന്നെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു ആരോപിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ മനോവിഭ്രാന്തിയാണ് ആരോപണത്തിനു കാരണമെന്ന് ഇസ്രായില്‍ പ്രസിഡന്റ് റിയുവെന്‍ റിവ്‌ലിന്‍ പ്രതികരിച്ചു.
ബുധനാഴ്ച രാത്രി ലിക്കുഡ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നെതന്യാഹുവിന്റെ പിറന്നാളാഘോഷത്തിലാണ് വിവാദ പരാമര്‍ശം. അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതിനാല്‍ താന്‍ പ്രധാനമന്ത്രിയാകാതിരിക്കാനാണ് മുന്‍ ലിക്കുഡ് മന്ത്രി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നത്. മുന്നണിയിലെ കക്ഷികളുമായും മുന്‍മന്ത്രി ചര്‍ച്ച നടത്തിയതായി നെതന്യാഹു പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍വരുന്ന സര്‍ക്കാരിനെ നയിക്കാന്‍ മറ്റൊരു ലിക്കുഡ് സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുകയായിരുന്നു പദ്ധതി. ഇതിനായി രാഷ്ട്രത്തലവനെന്ന നിലയില്‍ പ്രസിഡന്റ് റിവ്് ലിനുള്ള അധികാരം ഉപയോഗിക്കാനാണ് ഗുഢാലോചന നടന്നത്.
നെതന്യാഹു പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ എതിരാളിയും മുന്‍മന്ത്രയുമായ ഗിഡോവന്‍ സാര്‍ നിഷേധവുമായി രംഗത്തുവന്നു. നെതന്യാഹു ആരോപിക്കുന്നതുപോലൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു.
2019 ലാണ് ഇസ്രായിലില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയില്‍ പ്രതിസന്ധി സങ്കീര്‍ണമായാല്‍ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകും.
തനിക്കെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങളില്‍ നിരപരാധിയാണെന്ന് വാദിക്കുന്ന നെതന്യാഹു, ഔദ്യോഗികമായി കുറ്റം ചുമത്തിയാലും രാജിവെക്കില്ലെന്ന നിലപാടിലാണ്.