ന്യൂദല്‍ഹി- എയര്‍സെല്‍-മാക്‌സിസ് അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും മറ്റു ഏഴു പേരേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രിത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ വിദേശ നിക്ഷേപ ഇടപാടുകള്‍ക്ക് ചിംദബരം ക്രമവിരുദ്ധമായി അനുമതി നല്‍കുകയും അതിന് മകന്‍ കാര്‍ത്തിക്ക് കോഴ വാങ്ങാന്‍ അവസരമൊരുക്കുകയും ചെയ്‌തെന്നാണ് ആരോപണം. 3,500 കോടി രൂപ നിക്ഷേപിച്ച് ചെന്നൈ ആസ്ഥാനമായ എയര്‍സെല്‍ എന്ന ടെലികോം കമ്പനിയെ വാങ്ങാന്‍ 2006ല്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് ധനമന്ത്രാലയം അനുമതി നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. മാക്‌സിസിന്റെ ഉപകമ്പനിയായ മൊറീഷ്യസിലെ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വീസസ് ഹോള്‍ഡിങ്‌സ് എന്ന കമ്പനിക്കാണ് എയര്‍സെലില്‍ നിക്ഷേപമിറക്കാന്‍ അനുമതി നല്‍കിയത്.
ഈ നിക്ഷേപത്തിന് നിയമപ്രകാരം അനുമതി നല്‍കേണ്ടത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിറ്റി ഓണ്‍ ഇക്കണൊമിക് അഫയേഴ്‌സ് ആണ്. എന്നാല്‍ ചെറിയ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കാന്‍ മാത്രം അധികാരമുള്ള ധനമന്ത്രാലയമാണ് ചിദംബരത്തിന്റെ നേതൃത്വത്തില്‍ കോടികളുടെ എയര്‍സെല്‍-മാക്‌സിസ് ഇടപാടിന് അനുമതി നല്‍കിയത്. ഈ അനുമതിക്കു പിന്നാലെ എയര്‍സെല്‍ ടെലിവെന്‍ച്വേഴ്‌സ് എന്ന കമ്പനി കാര്‍ത്തി ചിദംബരവുമായി ബന്ധമുള്ള മറ്റൊരു കമ്പനിക്ക് 26 ലക്ഷം രൂപ നല്‍കിയെന്നും കുറ്റപത്രം പറയുന്നു. നേരത്തെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും ചിദംബരത്തേയും കാര്‍ത്തിയേയും പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ഇ.ഡിയുടെ കുറ്റപത്രത്തില്‍ നേരത്തെ കാര്‍ത്തി മാത്രമെ പ്രതിചേര്‍ക്കപ്പെട്ടിരുന്നുള്ളൂ.
അതേസമയം താന്‍ ധനമന്ത്രിയായിരിക്കെ നല്‍കിയ എല്ലാ നിക്ഷേപ അനുമതികളും തീര്‍ത്തും നിയമപരമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന ചിദംബരം സൂചിപ്പിക്കുന്നത് ഈ കേസ് പ്രധാനമന്ത്രി മോഡിയെ വിമര്‍ശിച്ചതിനുള്ള പ്രതികാരമാണെന്നാണ്.