Sorry, you need to enable JavaScript to visit this website.

രണ്ടിലേറെ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് അംഗമായി തുടരാനാകില്ല; വിധി ഒഡീഷക്ക് മാത്രം ബാധകം

ന്യൂദൽഹി- രണ്ടിൽക്കൂടുതൽ കുട്ടികളുള്ളയാൾക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാൽ അത് അയോഗ്യതയായി മാറുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഒഡിഷ പഞ്ചായത്തീരാജ് ആക്ട് അനുസരിച്ചാണ് ഉത്തരവ്. ഇത് മറ്റു സംസ്ഥാനങ്ങളിലേക്ക് ബാധകമല്ല. ഒഡീഷ പഞ്ചായത്തീരാജ് ആക്ടിൽ ഇത് സംബന്ധിച്ചുള്ള വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് സുപ്രീം കോടതി ഉത്തരവ്. മൂന്നാമത്തെ കുട്ടിയെ ദത്തുനൽകിയാലും അയോഗ്യത നിലനിൽക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയയും ജസ്റ്റിസുമാരായ എസ്. കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചു.
പഞ്ചായത്തീരാജ് നിയമത്തിൽ രണ്ട് മക്കൾ മാത്രമെന്ന നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണെന്നും ദത്തെടുക്കൽ നിയമം ഇതിന് ബാധകമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഡിഷയിലെ നോപാഡ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റായ മിനാസിങ് മാജി നൽകിയ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. മൂന്നാമത്തെ കുട്ടി ജനിച്ചതിന്റെ പേരിൽ തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടിക്കെതിരായാണ് മാജി സുപ്രീം കോടതിയിലെത്തിയത്.
മാജിക്കും ഭാര്യക്കും ആദ്യ രണ്ടുകുട്ടികളുണ്ടായത് 1995ലും 1998ലുമാണ്. 2002 ഫെബ്രുവരിയിൽ അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായി. അക്കൊല്ലം ഓഗസ്റ്റിൽ മൂന്നാമതൊരു കുട്ടികൂടി ജനിച്ചു. ആദ്യം ജനിച്ച കുട്ടിയെ 1999 സെപ്റ്റംബറിൽ ദത്തുനൽകിയിരുന്നുവെന്ന് മാജിയുടെ അഭിഭാഷകൻ പുനീത് ജയിൻ വാദിച്ചു. ദത്തുനൽകിയതോടെ കുട്ടിക്ക് യഥാർഥ കുടുംബവുമായുള്ള ബന്ധം ഇല്ലാതായെന്ന് ഹിന്ദു അഡോപ്ഷൻ ആക്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് കുട്ടികളുടെ പിതാവാണ് മാജിയെങ്കിലും ദത്തുനൽകിയതോടെ, നിയമപ്രകാരം അദ്ദേഹത്തിന് രണ്ടുകുട്ടികൾ മാത്രമാണുള്ളതെന്നും ജയിൻ വാദിച്ചു. അതുകൊണ്ടുതന്നെ, പഞ്ചായത്തംഗങ്ങൾക്ക് രണ്ടുകുട്ടികളേ പാടുള്ളൂവെന്ന ഒഡിഷ പഞ്ചായത്തീരാജ് ആക്ട് അദ്ദേഹത്തെ അയോഗ്യനാക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, നിയമത്തിന്റെ ഉദ്ദേശലക്ഷ്യം വ്യക്തമാണെന്നും രണ്ടുകുട്ടികൾ എന്ന നിയന്ത്രണം പഞ്ചായത്തംഗങ്ങൾക്ക് നിർബ്ന്ധമായും ബാധകമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ഒറ്റപ്രസവത്തിൽ ഇരട്ടകളും മൂന്നുകുട്ടികളുമൊക്കെ ജനിക്കുന്നത് സ്വാഭാവികമാണെന്നും അങ്ങനെ വന്നാൽ വിലക്ക് ബാധകമാകുമോ എന്നും അഭിഭാഷകൻ ചോദിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങൾ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി, അത്തരം സന്ദർഭങ്ങളിൽ കോടതിക്ക് യുക്തമായത് തീരുമാനിക്കാമെന്നും വ്യക്തമാക്കി.
 

Latest News