വിശാഖപട്ടണം- വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജനഗന്‍മോഹന്‍ റെഡ്ഡിയെ അപരിചിതന് കുത്തിപ്പരിക്കേല്‍പ്പിച്ചു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ച് സെല്‍ഫി എടുക്കാനെന്ന പേരില്‍ അടുത്തെത്തിയ ആളാണ് ജഗന്റെ ഇടതു കയ്യില്‍ കുത്തിയത്. എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ അക്രമിയെ പിടികൂടി പോലീസിനു കൈമാറി. ജഗന് ഇവിടെ വച്ചു തന്നെ പ്രാഥമിക ചികിത്സ നല്കി. രക്തം പുരണ്ട ഷര്‍ട്ടുമായി ജഗന് നില്ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ജഗന്റെ പരിക്ക് ഗുരുതരമല്ല. വിജയനഗരം ജില്ലയിലെ സാലുരുവില് തന്റെ പദയാത്ര പൂര്‍ത്തിയാക്കി ഹൈദരാബാദിലേക്ക് തിരികെ പോകുകയായിരുന്നു ജഗന്.