ലുധിയാന- 'എന്റര്‍ടെയ്ന്‍മെന്റ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ നോട്ട്‌കെട്ടുമായെത്തിയ ദമ്പതികള്‍ 1.90 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങി മുങ്ങിയതോടെ വെട്ടിലായത് സ്വര്‍ണക്കടക്കാരന്‍. ലുധിയാനയില്‍ സ്വര്‍ണാഭരണ വില്‍പ്പന ഷോറൂം നടത്തുന്ന ശ്യാന്‍ സുന്ദര്‍ വര്‍മയ്ക്കാണ് അമളി പിണഞ്ഞത്. വ്യാജ നോട്ടുകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും സ്വര്‍ണം വാങ്ങിയ ദമ്പതികള്‍ സ്ഥലം വിട്ടിരുന്നു. കാറിലെത്തിയ ദമ്പതികള്‍ അവര്‍ക്കിഷ്ടമുള്ള ആഭരം തെരഞ്ഞെടുത്തു. 56 ഗ്രാം തൂക്കമുണ്ടായിരുന്നു. വില കണക്കാക്കിയപ്പോള്‍ 1.90 ലക്ഷം രൂപയുണ്ട്. അവര്‍ ഉടന്‍ ഒരു കവറില്‍ പൊതിഞ്ഞു സൂക്ഷിച്ച പണം പുറത്തെടുത്തു നല്‍കി. സ്വര്‍ണം വാങ്ങി ഉടന്‍ തിരിച്ചു പോകുകയും ചെയ്തു. എണ്ണിത്തിട്ടപ്പെടുത്തി മേശയിലിട്ടെങ്കിലും പിന്നീടാണ് നോട്ടുകള്‍ പരിശോധിച്ചതെന്ന് വര്‍മ പറയുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ഇവര്‍ നല്‍കിയ നോട്ടുകളില്‍ എന്റര്‍ടെയ്ന്‍മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പ്രത്യക്ഷത്തില്‍ തന്നെ കളി നോട്ടാണെന്ന് വ്യക്തമാക്കുന്ന നോട്ടുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്തതാണ് വര്‍മയ്ക്ക് അമളി പിണയാന്‍ കാരണമായത്. ഇതറിഞ്ഞപ്പോഴേക്കു ദമ്പതികള്‍ സ്ഥലം വിട്ടിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലാണ് ഇവര്‍ എത്തിയതെന്നും വ്യക്തമായി. ഇതോടെ ഇരുട്ടില്‍ തപ്പുകയാണിപ്പോള്‍ വര്‍മ. എല്ലാം നഷ്ടപ്പെട്ടെന്നും എങ്ങനെ ഈ നഷ്ടം നികത്തുമെന്ന് ഒരു പിടിയുമില്ലെന്നും വര്‍മ വിലപിച്ചു. ഏതായാലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.