ന്യൂദല്‍ഹി- സി.ബി.ഐയിലെ ഉന്നതര്‍ക്കിടയിലെ പോര് രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയുടെ ദല്‍ഹിയിലെ വീടിനു സമീപത്തു നിന്നും നാലു പേരെ പിടികൂടി. സംശയകരമായി വീടിനു പരിസരത്തു ചുറ്റിത്തിരിഞ്ഞവരെയാണ് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി വലിച്ചിഴച്ചു അകത്തേക്കു കൊണ്ടു പോയത്. ദല്‍ഹി പോലീസിനെ വിവരമറിയിച്ചു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ജന്‍പഥിലെ രണ്ടിലെ സി.ബി.ഐ ഹൗസിനു മുന്നില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം
പിടിയിലായ നാലു പേര്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി)യില്‍ നിന്നുള്ളവരാണെന്നും വര്‍മയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു ഇവരെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പൊടുന്നനെ നട്ടപ്പാതിരയ്ക്ക് എടുത്ത തീരുമാന പ്രകാരമാണ് വര്‍മയെ സി.ബി.ഐ മേധാവി പദവിയില്‍ നിന്ന് സര്‍ക്കാര്‍ നീക്കിയത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു എന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് വര്‍മ കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയേക്കാവുന്ന ഈ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് നാടകീയ രംഗങ്ങള്‍. അലോക് വര്‍മയോട് പോരടിക്കുന്ന സി.ബി.ഐ ഉപമേധാവി രാകേഷ് അസ്താനയേയും നിര്‍ബന്ധിത അവധിയില്‍ വിട്ടിട്ടുണ്ട്.