ന്യുദല്‍ഹി- സി.ബി.ഐക്കുള്ളില്‍ തമ്മിലടി രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ വിട്ട സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയടെ മേശപ്പുറത്തുണ്ടായിരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഏഴു സുപ്രധാന കേസുകള്‍. വിവാദ റഫാല്‍ ഇടപാടിനു പുറമെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോഴ കേസും ഉന്നത ഐ.എ.എസ് ഓഫീസര്‍ ഭാസ്‌ക്കര്‍ ഖുല്‍ബെ ഉള്‍പ്പെട്ട കല്‍ക്കരി ഖനനാനുമതി കേസും, സി.ബി.ഐ പോരിലെ വിവാദ നായകന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്റ്റേര്‍ലിങ് ബയോട്ടെക് കേസും ഇതിലുള്‍പ്പെടും. കഴിഞ്ഞ ദിവസം അവധിയില്‍ പറഞ്ഞയക്കുമ്പോള്‍ അലോക് വര്‍മയുടെ പരിഗണനയിലുണ്ടായിരുന്ന സുപ്രധാന കേസ് ഫയലുകളില്‍ ഇവയും ഉള്‍പ്പെട്ടിരുന്നു. തന്നെ അവധിയില്‍ വിട്ട് പകരം താല്‍ക്കാലികമായി ഡയറക്ടറെ നിയമിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് മോഡി സര്‍ക്കാരിനെതിരെ വര്‍മ ഉന്നയിച്ചിരിക്കുന്നത്.
ചില ഉന്നത ബന്ധമുള്ള കേസുകളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന വളരെ ഗൗരവമേറിയ ആരോപണമാണ് സുപ്രീം കോടതിയില്‍ സി.ബി.ഐ ഡയറക്ടര്‍ ഉന്നയിച്ചിരിക്കുന്നത്. ചില കേസുകളിലെ അന്വേഷണ പുരോഗതിക്ക് ആത്യാവശ്യമായ സുപ്രധാന തീരുമാനങ്ങള്‍ രാകേഷ് അസ്താന സ്വന്തം നിലയില്‍ തടസ്സപ്പെടുത്തിയിരുന്നെന്നും അലോക് വര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഏതൊക്കെ കേസിലാണ് ഇതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നില്ല. ഇവ വളരെ സെന്‍സിറ്റീവായ കേസുകളാണെന്നും ഇത് കോടതിയില്‍ വ്യക്തമാക്കുമെന്നും വര്‍മ പറഞ്ഞിട്ടുണ്ട്.
തന്നെ നിര്‍ബന്ധിത അവധിയില്‍ വിട്ട് താല്‍ക്കാലികമായി പുതിയ ഡയറക്ടറെ നിയമിച്ച സര്‍ക്കാര്‍ നടപടി ക്രമവിരുദ്ധമാണെന്നും പുതിയ ഡയറക്ടറുടെ നിയമനം റദ്ദാക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വര്‍മ ആവശ്യപ്പെടുന്നു. തന്റെ അധികാരങ്ങള്‍ എടുത്തു മാറ്റിക്കൊണ്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷനും ഉദ്യോഗസ്ഥ നിയമകാര്യ വകുപ്പും തീരുമാനമെടുത്തത് വളരെ പെട്ടെന്നായിരുന്നുവെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന് അതൃപ്തിയുള്ള കേസുകള്‍ താന്‍ അന്വേഷിച്ചുവരുന്നതാണ് ഇതിനു കാരണം. സി.ബി.ഐ ഡയറക്ടറെ നീക്കം ചെയ്യാനോ സ്ഥലം മാറ്റാനോ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അധികാരമില്ലെന്നും സി.ബി.ഐ ഡയറക്ടറുടെ നിയമനം രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിത രണ്ടു വര്‍ഷത്തേക്ക് നിശ്ചയിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.