മക്ക- മക്ക, ജിദ്ദ, തായിഫ്, അസീര്‍ എന്നിവിടങ്ങളില്‍ കനത്ത മഴ. ജിദ്ദ നഗരത്തിലും തെക്ക്, കിഴക്കന്‍ ഭാഗങ്ങളിലുമാണ് ശക്തമായ മഴ പെയ്തത്. മക്ക പ്രവിശ്യയില്‍ ജിദ്ദ, തൂവല്‍, ദഹബാന്‍, ബഹ്‌റ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വെള്ളം കെട്ടിനില്‍ക്കാനിടയുള്ള താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മാറി നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ മക്ക നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തടസ്സം നേരിട്ടു. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രധാന റോഡുകളിലും ജംഗ്ഷനുകളും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങി. കിഴക്കന്‍ മക്കയിലെ വാദി അല്‍മഗ്മസില്‍ പ്രളയത്തില്‍ അകപ്പെട്ട വാഹനത്തില്‍നിന്ന് ഡ്രൈവര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഗതാഗത തടസ്സം നീക്കുന്നതിനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമം തുടങ്ങി.
തായിഫ് മേഖലയുടെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷമുണ്ടായി. ചില സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.
അസീര്‍ പ്രവിശ്യയിലും മഴ തിമിര്‍ത്തു പെയ്തു. അല്‍സൗദ ഗ്രാമം ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് വെള്ളയണിഞ്ഞത് കൗതുകക്കാഴ്ചയായി.