ന്യൂദല്‍ഹി- സി.ബി.ഐ മേധാവി സ്ഥാനത്തുനിന്നു നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചു. ഗൗരവതരമായ പല കേസുകളുടെയും അന്വേഷണ ചുമതല വഹിച്ചിരുന്ന തന്നെ നിര്‍ബന്ധിച്ച് ചുമതല ഒഴിപ്പിച്ച ഉത്തരവും ഇടക്കാല മേധാവി നാഗേശ്വര്‍ റാവുവിന്റെ നിയമനവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വര്‍മ സുപ്രീം കോടതിയെ സമീപിച്ചത്. അലോക് വര്‍മയുടെ ഹരജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അതിനിടെ, വിവാദ റഫാല്‍ ഇടപാടില്‍ അന്വേഷണം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചതാണ് അലോക് വര്‍മയുടെ തൊപ്പി തെറിപ്പിക്കാനിടയാക്കിയതെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം സുപ്രീം കോടതിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷമാണ് സി.ബി.ഐ ഡയറക്ടറുടെ കാലാവധി. ഇക്കാലയളവിനുള്ളില്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ വകുപ്പില്ല. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പകയാണോ അലോക് വര്‍മയെ മാറ്റിയ തീരുമാനത്തിന് പിന്നിലെന്നും പ്രശാന്ത് ഭൂഷണന്‍ ചോദിച്ചു.
റഫാല്‍ കേസില്‍ അന്വേഷണം നടത്തുവാന്‍ അലോക് കുമാര്‍ വര്‍മ തീരുമാനിച്ചിരുന്നു. അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് റഫാല്‍ ഇടപാടില്‍ നല്‍കിയ പരാതി അലോക് വര്‍മ സ്വീകരിച്ചിരുന്നു. ഇതും അദ്ദേഹത്തിനോടുള്ള വിരോധത്തിനു കാരണമായെന്ന് പ്രശാന്ത് ഭൂഷണ്‍ പറയുന്നു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത കാബിനറ്റ് അപ്പോയിന്റ് കമ്മിറ്റി യോഗത്തിലാണ് സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയെ സ്ഥാനത്തു നിന്നു മാറ്റാന്‍ തീരുമാനിച്ചത്. സ്‌പെഷ്യല്‍ ഡയറക്ടറും മോഡിയുടെയും ബിജെപിയുടെയും കണ്ണിലുണ്ണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോട് അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചു.
വിവാദ മാംസ വ്യാപാരി മോയിന്‍ അഖ്തര്‍ ഖുറേഷിയില്‍നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനും ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനുമായ അസ്താനക്കെതിരായ കേസ്. ചാര സംഘടനയായ റോ യിലെ രണ്ടാമന്‍ സാമന്ത് ഗോയലും കേസില്‍ പ്രതിയാണ്. കോഴപ്പണം കൈമാറിയ മനോജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മോയിന്‍ ഖുറേഷിക്കെതിരായ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്കെതിരായ കേസ്. സതീഷ് സനാ എന്നയാളില്‍ നിന്ന് പത്തു മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ കാര്യങ്ങള്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്. ഹൈദരാബാദിലെ വ്യവസായിയില്‍ നിന്ന് സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് കുമാര്‍ വര്‍മ രണ്ടു കോടി രൂപ വാങ്ങിയെന്ന് രാകേഷ് അസ്താനയും തിരികെ ആരോപണം ഉന്നയിച്ചിരുന്നു. സതീശ് സനയെ ചോദ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് വര്‍മ തന്നെ കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോണില്‍ വിളിച്ചതായും അസ്താന ആരോപിക്കുന്നു.
അസ്താനക്കു പുറമേ സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദര്‍ കുമാറിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അലോക് വര്‍മക്കെതിരേ കള്ളമൊഴി നല്‍കിയതിനാണ് ദേവേന്ദറിനെതിരേ കേസെടുത്തിരിക്കുന്നത്. ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. തനിക്കെതിരായ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അസ്താന ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ തല്‍സ്ഥിതി തുടരാനും തിങ്കളാഴ്ച ഹരജി പരിഗണിക്കുന്നത് വരെ അറസ്റ്റ് നടത്തരുതെന്നുമാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.