Sorry, you need to enable JavaScript to visit this website.

സി.ബി.ഐ തര്‍ക്കം അന്വേഷിക്കേണ്ടത് വിജിലന്‍സ് കമ്മീഷന്‍ -ജയ്റ്റ്‌ലി

ന്യൂദല്‍ഹി- സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ അധികാരത്തര്‍ക്കവും ആരോപണ പ്രത്യാരോപണങ്ങളും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സി.ബി.ഐയുടെ തലപ്പത്ത് നടന്ന ഉള്‍പ്പോര് നിര്‍ഭാഗ്യകരമാണ്. രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐയുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതു മുന്‍നിര്‍ത്തിയാണു രണ്ട് ഉദ്യോഗസ്ഥരെയും മാറ്റിയത്. നടപടികള്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ്. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടതും തീരുമാനം എടുക്കേണ്ടതും. അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് വേണം നടപടിയെടുക്കാന്‍. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സി.ബി.ഐയുടെ പരമോന്നത സ്ഥാപനമായ കേന്ദ്ര വിജിലന്‍സ് കമ്മീഷനാണെന്നും കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുന്ന പത്രസമ്മേളനത്തില്‍ ജയ്റ്റ്‌ലി പറഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയത് താല്‍ക്കാലികമാണെന്നും അന്വേഷണത്തില്‍ നിരപരാധികള്‍ എന്നു തെളിഞ്ഞാല്‍ ഇരുവരും തിരികെ എത്തുമെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജയ്റ്റിലി പറഞ്ഞു.
വിവാദ റഫാല്‍ ഇടപാടിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ മേധാവി ഉള്‍പ്പടെയുള്ളവരെ മാറ്റിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നാണ് മുമ്പ് നരേന്ദ്ര മോഡി ഒരിക്കല്‍ ആരോപിച്ചിരുന്നത്. എന്നാല്‍, ആ വാക്കുകള്‍ ഇന്നു മോഡിക്കു തന്നെ തിരിച്ചടിയാകുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്‌വി ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐയെ നിലംപരിശാക്കിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് റഫാലോമാനിയ ബാധിച്ചിരിക്കുകയാണ്. ഇതുള്‍പ്പെടെ വലിയ അഴിമതിക്കേസുകള്‍ മൂടിവെക്കുന്നതിനാണ് സി.ബി.ഐയെ സര്‍ക്കാര്‍ നിലംപരിശാക്കിയത്. സി.ബി.ഐ നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്. നിയമം അനുസരിച്ച് സി.ബി.ഐ മേധാവിക്ക് രണ്ടു വര്‍ഷമാണു കാലാവധി. അടിയന്തരമായി നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ വിഷയം സെലക്ട് കമ്മിറ്റി പരിശോധിക്കേണ്ടതാണ്. കഴിഞ്ഞ അര്‍ധരാത്രി എവിടെയാണ് സെലക്ട് കമ്മിറ്റി ഉണ്ടായതെന്ന് സിംഗ്‌വി ചോദിച്ചു.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് സി.ബി.ഐയില്‍ നിയമനം നടത്താനോ സ്ഥാനം തെറിപ്പിക്കാനോ അധികാരമില്ല. കേന്ദ്ര വിജിലന്‍സ് കമ്മീഷനും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
സി.ബി.ഐയെ ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കി മാറ്റിയെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി വിമര്‍ശിച്ചത്. സി.ബി.ഐയെ ഉപയോഗിച്ചു മോഡി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നു സി.പി.എം നേതാവ് സീതാറാം യെച്ചൂരി ആരോപിച്ചു. ഇത് ശുദ്ധ രാഷ്ട്രീയ അട്ടിമറിയാണെന്നാണ് യെച്ചൂരി പറഞ്ഞത്. മോഡി സര്‍ക്കാര്‍ എന്തൊക്കെയോ ഒളിച്ചു വെക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.

 

Latest News