അയോധ്യ- രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള 70 ട്രക്ക് ശിലകള്‍ കൂടി വരുംദിവസങ്ങളില്‍ എത്തിച്ചേരുമെന്ന് വിശ്വഹിന്ദു പരിഷത്ത്. മൂന്നുനില ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ശിലകള്‍ ചെത്തിമിനുക്കി സ്തൂപങ്ങളും മറ്റുമുണ്ടാക്കുന്നതിന് കൂടുതല്‍ ജോലിക്കാരെ അയോധ്യയില്‍ എത്തിക്കാനും വി.എച്ച്.പി നീക്കം തുടങ്ങി.
രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഒരാഴ്ച മുമ്പ് നടത്തിയ പ്രസ്താവനക്ക് ശേഷം അയോധ്യയില്‍ സന്ദര്‍ശകര്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കര്‍സേവകപുരത്തെത്തുന്ന സന്ദര്‍ശകരെ പ്രാദേശിക പൂജാരിമാരും ഭക്തന്മാരും ഭജനകള്‍ ചൊല്ലി സ്വീകരിക്കുന്നു. നിര്‍ദിഷ്ട രാമക്ഷേത്ര മാതൃകയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ഈ മാസം 29 ന് ബാബ്‌രി മസ്ജിദ് കേസ് പരിഗണിച്ചു തുടങ്ങുന്ന സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വി.എച്ച്.പി ക്ഷേത്ര നിര്‍മാണ ഒരുക്കം സജീവമാക്കിയിരിക്കുന്നത്. കര്‍സേവക പുരത്തെ നടപടികള്‍ വി.എച്ച്.പിയുടെ ഉന്നത നേതാക്കളുടേയും രാമജന്മഭൂമി ന്യാസിന്റേയും മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. ജോലിയുടെ വേഗം കൂട്ടുന്നതിന് കൂടുതല്‍ ലോഡ് ശിലകളും ശില്‍പികളേയും ഇവിടെ എത്തിക്കുമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് ചമ്പത്ത് റായി പറഞ്ഞു. ഞങ്ങള്‍ പിറകോട്ടില്ല. ഈ യുദ്ധം ആരംഭിച്ചത് സത്യത്തിന്റെ വിജയത്തിനു വേണ്ടിയാണ്. ഞങ്ങള്‍ കാത്തരിക്കുന്നത് സുപ്രീം കോടതി ഉത്തരവിന് വേണ്ടി മാത്രമാണ് -അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ ശക്തമായ പോലീസ് സാന്നിധ്യമുണ്ട്. തര്‍ക്കസ്ഥലത്തേക്കുള്ള റോഡ് അടച്ചിട്ടിരിക്കയാണ്. സുരക്ഷാ സൈനികര്‍ അതീവ ജാഗ്രതയോടെ ഇവിടെ കാവല്‍ നില്‍പുണ്ട്.
വി.എച്ച്.പി നീക്കങ്ങളില്‍ പുതുമയില്ലെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇത് സാധാരണമാണെന്നുമാണ് അയോധ്യ കേസിലെ പരാതിക്കാരിലൊരാളായ ഇഖ്്ബാല്‍ അന്‍സാരിയുടെ പ്രതികരണം. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ വി.എച്ച്.പിയെ തടയേണ്ടത് ബി.ജെ.പി സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.