കണ്ണൂര്‍- സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ കെ.പി. ഹംസ മുസ്ലിയാര് ചിത്താരി അന്തരിച്ചു. 79 വയസ്സായിരുന്നു. തളിപ്പറമ്പിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് നാല് മണിക്ക് തളിപ്പറമ്പിനടുത്ത നാടുകാണി അല്‍ മഖര്‍ ക്യാമ്പസില്‍.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വളര്‍ച്ചയില്‍ മികച്ച പങ്ക് വിഹിച്ചിട്ടുണ്ട്. 1972ല്‍ സമസത അവിഭക്ത കണ്ണൂര്‍ ജില്ലയുടെ പ്രഥമ മുശാവറയില്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു.
അഹമ്മദ് കുട്ടി -നഫീസ ദമ്പതികളുടെ മകനായി 1939ല്‍ തളിപ്പറമ്പ് പട്ടുവത്താണ് ജനനം. പട്ടുവം എല്‍.പി സ്കൂളില്‍നിന്നും പഴയങ്ങാടി മാപ്പിള യു.പി സ്കൂളില്നിന്നുമായി എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസം നേടി. മദ്റസ പഠനത്തിന് ശേഷം നാട്ടിലെ പള്ളിദര്‍സില്‍ പഠനം തുടര്‍ന്നു. കാപ്പാട് കുഞ്ഞമ്മദ് മുസ്ലിയാര് (പടന്ന ദര്‍സ്), കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാര് (തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം), പി.എ അബ്ദുല്ല മുസ്ലിയാര് (കടവത്തൂര്‍ ചാക്യാര്‍കുന്ന് ദര്‍സ്), കണ്ണിയത്ത് അഹ്മദ് മുസ്ലിയാര് (വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജ്) എന്നിവരില്‍ നിന്ന് ദര്‍സ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ദയൂബന്ധ് ദാറുല്‍ ഉലൂമില്‍നിന്ന് എം.എ ബിരുദം നേടി.
മാട്ടൂലില്‍ എട്ട്വര്‍ഷം മൂദരിസായി സേവനമനുഷ്ഠിച്ച ശേഷം 1972-ല്‍ ചിത്താരി ദര്‍സിലേക്ക് മാറി. ഇവിടെ വെച്ചാണ് ചിത്താരി എന്ന് പേര് ലഭിച്ചത്. 1989- തളിപ്പറമ്പ് അല്‍മഖര്‍ സ്ഥാപിക്കപ്പെട്ടതോടെ അതിന്റെ പ്രിന്‍സിപ്പലായി.
ഭാര്യ: കയ്യം സ്വദേശി സൈനബ ഹജ്ജുമ്മ. അഞ്ച് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമുണ്ട്.