ന്യൂദല്‍ഹി-സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) ഡയറക്ടര്‍ അലോക് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കി. സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനാണ് പകരം ചുമതല. അലോക് വര്‍മയോടും സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സി.ബി.ഐയില്‍ മേധാവികളുടെ പോരു മുറുകിയതിനെ തുടര്‍ന്നാണ് അടിയന്തര നടപടി.
ഒഡീഷ കേഡറിലെ 1986 ബാച്ച് ഐ.പി.എസ് ഓഫീസറായ നാഗേശ്വര റാവു തെലങ്കാനയിലെ വാറംഗല്‍ സ്വദേശിയാണ്. സി.ബി.ഐ ആസ്ഥാനം ഇന്ന് അടച്ചിട്ടിരിക്കയാണ്. ഓഫസര്‍മാരെ അകത്തേക്ക് കടത്തിവിടുന്നില്ല. ഏതാനും ഓഫീസര്‍മാര്‍ മാത്രമാണ് ആസ്ഥാനത്തുള്ളത്.
കൈക്കൂലി കേസിൽ സിബിഐ തന്നെ കേസ് രജിസ്റ്റർ ചെയ്ത സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നു ദൽഹി ഹൈക്കോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൈക്കൂലി കേസിൽ തനിക്കും സിബിഐ ഉദ്യോഗസ്ഥൻ ദേവേന്ദർ കുമാറിനുമെതിരേ കേസെടുത്തതിനെതിരേ അസ്താന നൽകിയ ഹർജിയിലാണ് ഹൈക്കോടതി അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത് വരെ അറസ്റ്റ് വേണ്ടെന്നു നിർദേശിച്ചത്. എന്നാൽ, അതുവരെ അസ്താന ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡിവൈസുകളിലേത് ഉൾപ്പടെ തെളിവുകളൊന്നും നശിപ്പിക്കപ്പെടരുതെന്നും കേസിൽ തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി നിർദേശിച്ചു. അസ്താനയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ ശക്തമാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും സിബിഐ കോടതിയിൽ പറഞ്ഞു.
കേസിൽ തന്നെ ബലിയാടാക്കുകയാണെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവേന്ദർ കുമാറിന്റെ വാദം. സമതുലിതാവസ്ഥ തകർക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റീസ് നജ്മി വസീരി സിബിഐ അലോക് വർമയിൽ നിന്നും കേസിന്റെ വിവരങ്ങൾ ആരാഞ്ഞിരുന്നു. കേസിൽ ദേവേന്ദർ കുമാറിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, അസ്താനയ്‌ക്കെതിരായ എഫ്‌ഐആർ സിബിഐ ഡയറക്ടർ അലോക് വർമ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കൈക്കൂലി ആവശ്യപ്പെട്ടത് സിബിഐ ഡയറക്ടറാണ്. എന്നാൽ, പൊടുന്നനെ തന്റെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും അസ്താന പറഞ്ഞു. കേസിൽ പ്രതികരിക്കാൻ സിബിഐ സമയം ആവശ്യപ്പെട്ടു. തുടർന്നാണു കേസിൽ തൽസ്ഥിതി തുടരാൻ കോടതി നിർദേശിച്ചത്. അതുവരെ കേസിലെ കുറ്റാരോപിതൻ തെളിവുകളൊന്നും തന്നെ നശിപ്പിക്കാതെ ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു. അസ്താനയുടെ പരാതിയിൽ കോടതി സിബിഐ ഡയറക്ടർക്കു നോട്ടീസ് നൽകിയിട്ടുണ്ട്.
അസ്താനക്കെതിരേ സിബിഐ തന്നെ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഡൽഹി ഹൈക്കോടതി വിഷയം അടുത്ത തിങ്കളാഴ്ച പരിഗണിക്കുന്നത് വരെ അസ്താനയുടെ അറസ്റ്റ് ഉണ്ടായേക്കില്ല. രാകേഷ് അസ്താനയുടെ ഹർജിയിൽ കോടതി സിബിഐ മേധാവി അലോക് വർമയ്ക്കു നോട്ടീസയച്ചിട്ടുണ്ട്.
മാംസവ്യാപാരി മൊയീൻ ഖുറേഷിയിൽ നിന്നു കോടികൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ തങ്ങൾക്കെതിരേ ചുമത്തിയ എഫ്‌ഐആറിനെതിരേ അസ്താനയും ഇദ്ദേഹത്തിന്റെ വലം കൈയും കഴിഞ്ഞ ദിവസം അറസ്റ്റിലായ സിബിഐ ഉദ്യോഗസ്ഥൻ ദേവേന്ദർ കുമാറും കോടതിയെ സമീപിച്ചിരുന്നു. മൊയീൻ ഖുറേഷിക്കെതിരായ അന്വേഷണം വഴി തിരിച്ചു വിടുന്നതിനാണ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തെതെന്നാണ് ദേവേന്ദറിന്റെ അഭിഭാഷകൻ വാദിച്ചത്. അതിലേക്ക് രാകേഷ് അസ്താനയുടെ പേര് കൂടി വലിച്ചിഴക്കുകയായിരുന്നുവെന്നും അഭിഭാഷകൻ ഇന്നലെ കോടതിയിൽ പറഞ്ഞു. എന്നാൽ, കേസ് അട്ടിമറിക്കാൻ ശ്രമിച്ചവരിൽ ദേവേന്ദർ കുമാറും ഭാഗമായിരുന്നു എന്നാണ് സിബിഐ വ്യക്തമാക്കിയത്.
സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള അധികാരത്തർക്കവും കൈക്കൂലി ആരോപണവും രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അലോക് വർമയെയും രാകേഷ് അസ്താനയേയും കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. വിഷയം റോ മേധാവിയ അനിൽ ദസ്മാനയുമായി മോഡി ചർച്ച ചെയ്‌തെന്നാണു വിവരം.