Sorry, you need to enable JavaScript to visit this website.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസിന്

കോട്ടയം- ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ജയം.  സി.പി.എം പിന്തുണയോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച സക്കറിയ കുതിരവേലി വിജയിച്ചത്. എട്ടിനെതിരെ 12 വോട്ടുകൾക്കാണ് കുതിരവേലി വിജയിച്ചത്. 
കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്തുണക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. എന്നാൽ സി.പി.ഐ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. സണ്ണി പാമ്പാടിയാണ് കോൺ്ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. കഴിഞ്ഞ മാസം നടന്ന ചർച്ചയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാമെന്ന് കേരള കോൺഗ്രസ് എഴുതി നൽകിയതാണെന്നും കടുത്ത വിശ്വാസവഞ്ചനയാണെന്നും കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ മാസം മൂന്നിന് ഉച്ചക്ക് രണ്ടിനാണ് കേരള കോൺഗ്രസുമായി ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയതെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഈ ധാരണയുടെ മഷിയുണങ്ങും മുമ്പാണ് കേരള കോൺഗ്രസ് മറുകണ്ടം ചാടിയത്. കൊടുവഞ്ചന ജോസ് കെ മാണിയുടെ പദവിക്ക് ചേരുന്നതല്ലെന്നും രാഷ്ട്രീയ വിശ്വാസ്യത തകർന്ന അദ്ദേഹം എം.പി സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ജോസ് കെ മാണിയാണ് ഇക്കാര്യത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് വാക്ക് നൽകിയതെന്നും അദ്ദേഹത്തോട് മാത്രമാണ് പരിഭവമുള്ളതെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി. 

നേരത്തെയുള്ള ധാരണയനുസരിച്ച് കോൺഗ്രസ് സ്ഥാനാർഥിയെ കേരള കോൺഗ്രസ് പിന്തുണക്കേണ്ടതായിരുന്നു. എന്നാൽ പ്രാദേശിക പ്രശ്‌നങ്ങൾ കാരണം കോൺഗ്രസുമായി ഒന്നിച്ചുപോകാനാകില്ലെന്ന് കേരള കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. അതേസമയം, കേരള കോൺഗ്രസിനെ പിന്തുണക്കേണ്ടതില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. അഴിമതിയുടെ കറയുള്ള മാണിയുമായി സഖ്യം വേണ്ടെന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. 
സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നും കോൺഗ്രസിന് എട്ടും, കേരളാ കോൺഗ്രസിന് ആറും പി.സി ജോർജ് പക്ഷത്തിന് ഒന്നും സീറ്റ് വീതമാണുളളത്. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം പുതിയ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നായിരുന്നു തീരുമാനം.  ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോട്ടയം ഡി.സി.സി പ്രസിഡന്‍റായി നിയമിതനായതിനെ തുടർന്നാണ് ജോഷി ഫിലിപ്പ് രാജിവെച്ചത്.
 

Latest News