കോട്ടയം- ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്- സി.പി.എം ധാരണ. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാൻ സി.പി.എം തീരുമാനിച്ചു. നേരത്തെയുള്ള ധാരണയനുസരിച്ച് കോൺഗ്രസ് സ്ഥാനാർഥിയെ കേരള കോൺഗ്രസ് പിന്തുണക്കേണ്ടതായിരുന്നു. എന്നാൽ പ്രാദേശിക പ്രശ്‌നങ്ങൾ കാരണം കോൺഗ്രസുമായി ഒന്നിച്ചുപോകാനാകില്ലെന്ന് കേരള കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. അതേസമയം, കേരള കോൺഗ്രസിനെ പിന്തുണക്കേണ്ടതില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. അഴിമതിയുടെ കറയുള്ള മാണിയുമായി സഖ്യം വേണ്ടെന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്.
കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നും കോൺഗ്രസിന് എട്ടും, കേരളാ കോൺഗ്രസിന് നാലും പി.സി ജോർജ് പക്ഷത്തിന് ഒന്നും സീറ്റ് വീതമാണുളളത്.
നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ സണ്ണി പാമ്പാടി എത്തുമെന്നായിരുന്നു തീരുമാനം. കേരള കോൺഗ്രസിന്‍റെ സക്കറിയ കുതിരവേലി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് സാധ്യത.
ജോഷി ഫിലിപ്പ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോട്ടയം ഡി.സി.സി പ്രസിഡന്‍റായി നിയമിതനായതിനെ തുടർന്നാണ് ജോഷി ഫിലിപ്പ് രാജിവെച്ചത്. കടുത്ത വിശ്വാസവഞ്ചനയാണ് കേരള കോൺഗ്രസ് കാണിച്ചതെന്നും ജോസ് കെ മാണിയും കേരള കോൺഗ്രസിന്‍റെ മറ്റ് എം.എൽ.എ മാരും രാജിവെക്കണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. മാണിയുടെ നീക്കത്തിനെതിരെ പാർട്ടിയിലും കനത്ത ഭിന്നതയുണ്ട്. പി.ജെ ജോസഫ് അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തി.