ന്യൂദല്‍ഹി- കോടതിയലക്ഷ്യ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈക്കോടതിയിലെ കോടതിയലക്ഷ്യ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.
അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരം കേന്ദ്ര വിജിലന്‍സ് കമ്മിഷന് നല്‍കിയ പരാതിയാണ് ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിയിലേക്ക് നയിച്ചത്. പാറ്റൂര്‍ ഭൂമി ഇടപാട്, ഇ.പി. ജയരാജന്‍ മന്ത്രിയായിരിക്കെ ഉയര്‍ന്ന ബന്ധു നിയമന കേസ് തുടങ്ങിയവയില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇത് ജഡ്ജിമാരുടെ മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റി. അതിനാല്‍ കേസ് ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ രണ്ട് ജഡ്ജിമാരുടെ പേരുകള്‍ പരാമര്‍ശിച്ചതാണ് കോടതിയലക്ഷ്യമായത്.