റിയാദ് - വാണിജ്യ വഞ്ചനാ കേസിൽ മത്സ്യവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിക്കും ഇന്ത്യക്കാരനും ശിക്ഷ. ദമാമിൽ സീഫുഡ് മേഖലയിൽ പ്രവർത്തിക്കുന്ന ട്രാൻസ് ഗൾഫ് കമ്പനിക്കും സ്ഥാപനം നടത്തിയിരുന്ന ഇന്ത്യക്കാരൻ ബെൻജമിൻ അദിസിനുമാണ് ശിക്ഷ. സൗദി പൗരൻ ഖാലിദ് അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽഹംദാൻ ആണ് കമ്പനി ഡയറക്ടർ ജനറൽ.
കാലാവധി തീർന്ന ഇറച്ചിയും കോഴിയിറച്ചിയും മത്സ്യവും വിൽപനക്കായി സൂക്ഷിച്ച കേസിൽ കമ്പനിക്കും ഇന്ത്യക്കാരനും ദമാം ക്രിമിനൽ കോടതി പിഴ ചുമത്തി. കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും കോടതി ഉത്തരവിട്ടു. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനങ്ങളും അതിനുള്ള ശിക്ഷയും അവരുടെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യാനും കോടതി വിധിയുണ്ട്.
വാണിജ്യ, നിക്ഷേപ മന്ത്രാലയ അധികൃതർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന് ഉപയോഗശൂന്യമായ 51 ടൺ ഇറച്ചിയും കോഴിയിറച്ചിയും മത്സ്യവും കണ്ടെത്തിയിരുന്നു. ഉപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കൾക്കൊപ്പമാണ് ഉപയോഗശൂന്യമായ ഉൽപന്നങ്ങളും സൂക്ഷിച്ചിരുന്നത്. പ്രാഥമികാന്വേഷണം പൂർത്തിയാക്കി സ്ഥാപനത്തിനെതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച കേസിൽ വിചാരണ പൂർത്തിയാക്കിയ ദമാം ക്രിമിനൽ കോടതി കമ്പനിക്കും ഇന്ത്യക്കാരനും പിഴ വിധിക്കുകയായിരുന്നു. വാണിജ്യ വഞ്ചനകൾ നടത്തുന്നവരെ കർക്കശമായി നേരിടുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പറഞ്ഞു. വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്താനും നിയമം അനുശാസിക്കുന്നുണ്ട്.