മുംബൈ- 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാര്‍ട്ടികളില്‍ ഇത് കൂടുമാറ്റങ്ങളുടെ കാലമാണ്. പലയിടത്തും വിവിധ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചുവട് മാറിയ വാര്‍ത്തകളാണ് വന്നിരുന്നതെങ്കില്‍ മുംബൈയില്‍ നിന്ന് മറ്റൊരു റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന്. ഭരണ കക്ഷികളായ ബി.ജെ.പിയില്‍ നിന്നും ശിവ സേനയില്‍ നിന്നുമുള്ള 16 സിറ്റിങ് എം.പിമാരും എം.എല്‍.എമാരുമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ തയാറായിരിക്കുന്നത്. ഇവര്‍ കോണ്‍ഗ്രസിനെ സമീപിച്ചതായി ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഇവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിലെത്തുമെന്നാണ് റിപോര്‍ട്ട്.
കോണ്‍ഗ്രസിലേക്ക് വരാന്‍ തയാറായ ബി.ജെ.പിയുടേയും ശിവ സേനയുടേയും സിറ്റിങ് എംപിമാരും നേതാക്കളും ദല്‍ഹിയില്‍ യോഗം ചേര്‍ന്ന് തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും ഏഴു മാസങ്ങള്‍ കൂടി ബാക്കിയുണ്ടെന്നിരിക്കെ ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഉറപ്പാണെന്നും അ്‌ദ്ദേഹം വ്യക്തമാക്കി. ഇക്കൂട്ടത്തില്‍ 2014 തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയില്‍ ചേര്‍ന്ന ഒരു നേതാവുമുണ്ട്. പാര്‍ട്ടിയില്‍ നേരിടുന്ന അവഗണനയാണ് ഇവരെ കൂടുമാറാന്‍ പ്രേരിപ്പിക്കുന്നത്.
മറാത്ത് വാഡയില്‍ നിന്നുള്ള ഒരു ശിവ സേന എം.പി, വടക്കന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ബി.ജെ.പി എം.പിയും ഏതാനും എം.എല്‍.എമാരുമാണ് കോണ്‍ഗ്രസിലേക്ക് ഊഴം കാത്തിരിക്കുന്നത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളും കോണ്‍ഗ്രസുമായി ബന്ധപ്പെട്ടുവരികയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.