ന്യുദല്‍ഹി- കൈക്കൂലിക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സി.ബി.ഐയിലെ രണ്ടാമത്തെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന സി.ബി.ഐയെ കോടതി കയറ്റി. തനിക്കെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് അസ്താന ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിന്റെ സ്വഭാവവും വ്യാപ്തിയും സ്റ്റേ ചെയ്യുന്നതിന് അനുകൂലമല്ലെന്നു വ്യക്തമാക്കിയ കോടതി അസ്താനയുടെ അറസ്റ്റ് അടുത്ത തിങ്കളാഴ്ച വരെ തടഞ്ഞു. അന്ന് കേസ് വീണ്ടും കോടതി പരിഗണിക്കും. സംഭവത്തില്‍ വിശദീകരണം തേടി കോടതി സി.ബി.ഐ ഡയറക്ടറും അസ്താനയുടെ മേലുദ്യോഗസ്ഥനുമായ അലോക് വര്‍മയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
അതിനിടെ അസ്താനയ്‌ക്കെതിരായ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഡി.എസ്.പി ദേവേന്ദ്ര കുമാറും അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഇന്ന് ദല്‍ഹിയില്‍ മറ്റൊരു കോടതിയില്‍ ഹാജരാക്കി. മൊയിന്‍ ഖുറേഷി കള്ളപ്പണക്കേസ് അന്വേഷിച്ച അസ്താനയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായിരുന്നു ദേവേന്ദ്ര കുമാര്‍. രേഖകളില്‍ തിരിമറി നടത്തുകയും വ്യാജ തെളിവുകളുണ്ടാക്കുകയും ചെയ്തതിന് ദേവേന്ദ്ര കുമാറിന്റെ ഓഫീസില്‍ നിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നും സി.ബി.ഐ കോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ച പണംതട്ടല്‍ റാക്കറ്റിന്റെ ഭാഗമായിരുന്നു പോലീസ് ഓഫീസറായ ദേവേന്ദ്ര കുമാറെന്നും സി.ബി.ഐ പറഞ്ഞു.