Sorry, you need to enable JavaScript to visit this website.

സ്‌കൂളുകളില്‍ രാമായണവും ഗീതയും വേണമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍; മറ്റു മതങ്ങളെ അവഗണിച്ചത് വിവാദമായി

ശ്രീനഗര്‍- ഹൈന്ദവ വേദ ഗ്രന്ഥങ്ങളായ ഗീതയും രാമായണവും സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൡും കോളെജുകളിലും പബ്ലിക് ലൈബ്രറികളിലും ലഭ്യമാക്കണമെന്ന ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവിനെ ചൊല്ലി വിവാദം. മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വേദങ്ങള്‍ മാത്രം ലഭ്യമാക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഉത്തരവിനു പിന്നില്‍ ദുരുദ്ദേശമാണെന്ന് ആരോപണമുയര്‍ന്നു. ഇതിനു പിന്നിലെ യുക്തി ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല രംഗത്തെത്തി.  ഒരു മത വിഭാഗത്തിന്റെ മാത്രം മത ഗ്രന്ഥങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു വായനശാലകളിലും വയ്ക്കാനുള്ള ഉത്തരവ് മറ്റു മത വിഭാഗങ്ങളെ അവഗണിക്കുന്നതാണെന്നും ഇതിനു പിന്നിലെ യുക്തി എന്താണെന്നും ഉമര്‍ അബ്ദുല്ല ചോദിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒപ്പുവച്ച ഉത്തരവില്‍ പറയുന്നത് സര്‍വാനന്ദ് പ്രേമിയുടെ ഉര്‍ദു ഭാഷയിലുള്ള ഭഗവത് ഗീതയും രാമായണവും ആവശ്യമായ എണ്ണം കോപ്പികള്‍ സ്‌കൂളുകളിലും കോളെജുകളിലും ലൈബ്രറികളിലും വാങ്ങി സൂക്ഷിക്കണമെന്നാണ്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ എന്നീ വകുപ്പുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേശകന്‍ ബി.ബി വ്യാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മത ഗ്രന്ഥങ്ങള്‍ വാങ്ങാനുള്ള തീരുമാനമെടുത്തതെന്നും ഉത്തരവില്‍ പറയുന്നു.

2011ലെ ജനസംഖ്യാ കണക്കുകള്‍ പ്രകാരം ജമ്മു കശ്മീരില്‍ 65 ശതമാനവും മുസ്ലിംകളാണ്. ഹൈന്ദവ വിശ്വാസികള്‍ 28 ശതമാനവും സിഖ് മതസ്ഥര്‍ 1.9 ശതമാനവും ബുദ്ധര്‍ 0.9 ശതമാനവുമാണ്. 

Latest News