ശ്രീനഗര്‍- കശ്മീരില്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന സ്‌ഫോടനത്തില്‍ മരിച്ച സിവിലിയന്മാരുടെ എണ്ണം ഏഴായി.
നിരപരാധികളായ സിവിലിയന്മാരുടെ മരണത്തില്‍ പ്രതിഷേധിച്ച് താഴ്‌വര ഇന്നലെ ബന്ദാചരിച്ചു. വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സൈന്യത്തിന്റേയും പോലീസിന്റേയും നിയന്ത്രണത്തിലായിരുന്നു ശ്രീനഗറെങ്കിലും പ്രാന്തപ്രദേശങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
സുരക്ഷാ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ച ശേഷമായിരുന്നു ഞായറാഴ്ച സ്‌ഫോടനം. പരിക്കേറ്റ ഒരു യുവാവ് ഇന്നലെ ആശുപത്രിയിലാണ് മരിച്ചത്.
ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ എട്ട് ഭീകരര്‍ക്കു പുറമെ, മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ അവസാനിച്ച ശേഷമായിരുന്നു സ്‌ഫോടനമെന്ന് പോലീസും പ്രദേശവാസികളും പറഞ്ഞു. ഭീകരര്‍ കുടുങ്ങിയ കുല്‍ഗാമിലേക്ക് പ്രകടനം നടത്താന്‍ ഗ്രാമീണര്‍ പല തവണ ശ്രമം നടത്തിയിരുന്നു. ഭീകരര്‍ ഒളിച്ച വീട് തകര്‍ക്കാന്‍ സൈന്യം ഗ്രനേഡുകള്‍ ഉപയോഗിച്ചിരുന്നു. സിവിലിയന്മാരുടെ മരണത്തില്‍ അനുശോചിച്ച അധികൃതര്‍, ഏറ്റുമുട്ടലും വെടിവെപ്പും നടക്കുന്ന സ്ഥലത്തേക്ക് സിവിലിയന്മാര്‍ വരരുതെന്ന് ആവര്‍ത്തിച്ചു. അതേസമയം, ജനവാസ പ്രദേശത്ത് സൈന്യം ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളാണ് ഏഴു പേരുടെ മരണത്തിനിടയാക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.