ന്യൂദല്‍ഹി- ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കുമോയെന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി. ശബരിമല വിഷയത്തില്‍ ഹരജി നല്‍കിയ കാര്യം തിങ്കളാഴ്ച അയ്യപ്പ ഭക്തരുടെ ദേശീയ സംഘടനയ്ക്കു വേണ്ടി അഭിഭാഷകനായ മാത്യൂസ് ജെ. നെടുമ്പാറ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 19 പുനഃപരിശോധന ഹരജികള്‍ നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
അയ്യപ്പ ഭക്തരുടെ വികാരം കണക്കിലെടുക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അതിനാല്‍ ഭക്തരുടെ മൗലികാവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നുമാണ് ഉത്തരവിനെതിരെ നല്‍കിയ റിട്ട് ഹരജിയില്‍ അയ്യപ്പ ഭക്തരുടെ ദേശീയ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ കോടതി പരാമര്‍ശമൊന്നും നടത്തിയില്ല. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ്.കെ. കൗളുമായി ചര്‍ച്ച നടത്തിയ ചീഫ് ജസ്റ്റീസ്, പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുന്ന കാര്യം മാത്രം അറിയിക്കുകയായിരുന്നു. പുനഃപരിശോധന ഹരജികള്‍, വിധി പറഞ്ഞ ബെഞ്ച് തന്നെ ചേംബറില്‍ പരിശോധിക്കുകയാണ് സാധാരണയുണ്ടാവുക. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിന്റെ തലവന്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍ പുതിയ ചീഫ് ജസ്റ്റിസാവും ബെഞ്ച് പുനര്‍നിര്‍ണയിക്കുക. ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യത്തിലും ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച തീരുമാനമെടുത്തേക്കും.