വിദേശികള്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു

കുവൈത്ത് സിറ്റി- കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായി നടപ്പാക്കാന്‍ നീക്കം. പൊതുമേഖലയില്‍ ഇനി വിദേശികള്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നയം. നിലവിലുള്ള വിദേശികളെ മാറ്റി സ്വദേശികളെ നിയമിക്കുന്നതിനുള്ള ഷെഡ്യൂള്‍ തയാറാക്കി നല്‍കാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും വാണിജ്യമന്ത്രി ഖാലിദ് അല്‍ റൗദാന്‍ നിര്‍ദേശിച്ചു.
അഡ്മിനിസ്‌ട്രേറ്റീവ്, മീഡിയ, പബ്ലിക് റിലേഷന്‍സ്, ഐടി, വികസനം തുടങ്ങിയ മേഖലകളില്‍ പൂര്‍ണമായും തദ്ദേശവത്കരണമാണ് ലക്ഷ്യമിടുന്നത്. അഞ്ചു വര്‍ഷത്തനികം ലക്ഷ്യം സാക്ഷാത്കരിക്കാനാണ് നീക്കം. ശാസ്ത്ര, സാമ്പത്തിക, ധനകാര്യ, വാണിജ്യ ജോലികളില്‍ 95 ശതമാനവും കരകൗശല ജോലികളില്‍ 80 ശതമാനവും സ്വദേശിവത്കരിക്കും.
കുവൈത്തികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം നാഷനല്‍ അസംബ്ലിയുടെ എംപ്ലോയ്‌മെന്റ് കമ്മിറ്റി വിളിച്ച യോഗം ക്വാറം തികയാത്തതിനാല്‍ ചേരാനായില്ല. കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കി അസംബ്ലിക്ക് സമര്‍പ്പിക്കും.
സ്വദേശികള്‍ക്ക് കൂടുതല്‍ ജോലികള്‍ നീക്കിവെക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതായിരിക്കും റിപ്പോര്‍ട്ടെന്ന് കരുതുന്നു. പൊതുമേഖലയില്‍നിന്ന് വിദേശികളെ പൂര്‍ണമായും ഒഴിവാക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ തയാറാകുന്ന സ്വദേശികള്‍ക്കായി ആനുകൂല്യങ്ങളും പ്രഖ്യാപിക്കും.
ഈജിപ്ത്, ഫിലിപ്പിനോ അടക്കം ചില പ്രത്യേക വിദേശിസമൂഹം കുവൈത്തില്‍ അധികരിക്കുന്നത് ശ്രദ്ധിക്കണമെന്ന് എം.പി മുഹമ്മദ് അല്‍ ദല്ലാല്‍ പറഞ്ഞു.

 

Latest News