അമൃത് സര്‍- പഞ്ചാബിലെ അമൃത് സറില്‍ ദസറ ആഘോഷത്തിനിടെ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി ആഘോഷം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സൗരബ് മിത്തുവിന്റെ വിഡിയോ സന്ദേശം. 60 ലേറെ പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിനുശേഷം ഒളിവില്‍ പോയ സംഘാടകന്‍ തിങ്കളാഴ്ചയാണ് തന്റെ നിരപരാധിത്വം വ്യക്തമാക്കി വിഡിയോ പുറത്തുവിട്ടത്. ദുരന്തത്തില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മിത്തു അവകാശപ്പെടുന്നു.
ദസറ ആഘോഷം സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ല അനുമതികളും വാങ്ങിയിരുന്നുവെന്നും ജനങ്ങളെ ഒന്നിപ്പിക്കാനാണ് താന്‍ ആഘോഷം സംഘടിപ്പിച്ചതെന്നും സൗരഭ് മിത്തു സന്ദേശത്തില്‍ പറഞ്ഞു. ദരന്തം സംഭവിച്ചതില്‍ അതിയായ വേദനയുണ്ട്. രാവണന്റെ കോലത്തിനു ചുറ്റും 20 അടി അതിര്‍ത്തി ഇട്ടിരുന്നുവെന്നും ആഘോഷം നടന്ന മൈതാനത്തിനും എട്ടു മുതല്‍ പത്തടിവരെ അതിര്‍ത്തിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
50 മുതല്‍ 100 വരെ പോലീസുകാര്‍ സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്നു. മുനിസിപ്പല്‍ അധികൃതര്‍ ഒരു ഫയര്‍ എന്‍ജിന്‍ അയച്ചിരുന്നു. റെയില്‍ പാളങ്ങളില്‍നില്‍ക്കരുതെന്ന് പത്ത് തവണയെങ്കിലും താന്‍ അനൗണ്‍സ് ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്നെ ചിലര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്- സൗരഭ് പറഞ്ഞു.
സൗരഭിനുപുറമെ, പിതാവും കോണ്‍ഗ്രസ് നേതാവുമായ വിജയ് മദനും മറ്റു കുടുംബാംഗങ്ങളും അമൃത്‌സറിനു സമീപത്തെ പിംഗല്‍വാഡയിലെ വസതിയില്‍നിന്ന് ഒളിവില്‍ പോയിരിക്കയാണ്. ട്രെയിന്‍ അപകടം നടന്ന അല്‍പസമയത്തിനകം 6.57 ഓടെ സൗരഭ് വീട്ടില്‍നിന്ന് രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നിരുന്നു.
പഞ്ചാബ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ആരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, വിജയിനും സൗരഭിനുമാണ് അപകടത്തിന്റെ ഉത്തരവാദിത്തമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ മാസം 19ന് വൈകിട്ടാണ് ദസറ ആഘോഷത്തിനിടെ ട്രെയിന്‍ ജനക്കൂട്ടത്തില്‍ കയറി 61 ലേറെ പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പ്രാദേശിക അധികൃതരും പോലസും റെയില്‍വേയും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. അപകടത്തില്‍ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് റെയല്‍വേ കൈയൊഴിയുമ്പോള്‍ പ്രാദേശിക അധികൃതരും പോലീസും അതേ നിലപാട് തന്നെ ആവര്‍ത്തിക്കുന്നു.