അബുദാബി- അബുദാബിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ നാലിലൊന്നും ഒരു വര്‍ഷം മാത്രമെ നീണ്ടു നില്‍ക്കുന്നുള്ളൂവെന്ന് റിപോര്‍ട്ട്. 2017ല്‍ നടന്ന വിവാഹങ്ങളില്‍ 28 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വേര്‍പ്പിരിയലില്‍ കലാശിച്ചതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തു വിട്ട പുതിയ വിവാഹ, വിവാഹ മോചന കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തം വിവാഹ രജിസ്‌ട്രേഷനുകളില്‍ 71 ശതമാനമാണ് ഇമാറാത്തികളുടേത്. 2017ല്‍ 5,703 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 5.6 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയുണ്ട്. അതേസമയം വിവാഹ മോചനങ്ങളുടെ എണ്ണം 1,859 ആയി ഉയരുകയും ചെയ്തു. 4.6 ശതമാനമാണ് വിവാഹ മോചനങ്ങളുടെ വര്‍ധന. വേര്‍പ്പിരിഞ്ഞ ദമ്പതികളില്‍ 981 പേര്‍, അതായത് 52.8 ശതമാനമാണ് ഇമാറാത്തികള്‍.
മൊത്തം വിവാഹ മോചനങ്ങളില്‍ 28.5 ശതമാനം ബന്ധങ്ങളും ഒരു വര്‍ഷം പോലും തികച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. 52.2 ശതമാനം വിവാഹ മോചനങ്ങളും മൂന്ന് വര്‍ഷത്തെ ബന്ധത്തിനു ശേഷമായിരുന്നു. മാര്‍ച്ച് മാസത്തിലാണ് ഏറ്റവും കൂടുതല്‍ വിവാഹങ്ങളും വിവാഹ മോചനങ്ങളും നടക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജൂണിലാണ് ഏറ്റവും കുറവ്. ഇമാറാത്തികള്‍ തമ്മിലുള്ള വിവാഹ ബന്ധം 78.5 ശതമാനവും ഇമാറാത്തികളും വിദേശികളും തമ്മിലുള്ള വിവാഹം 21.5 ശതമാനവുമാണ് രേഖപ്പെടുത്തപ്പെട്ടത്. അബുദാബിയില്‍ വിവാഹിതരാകുന്ന പുരുഷന്മാരുടെ ശരാശരി പ്രായം 28 വയസ്സും സ്ത്രീകളുടേത് 25 വയസ്സുമാണ്.