ന്യുദല്‍ഹി- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഒരിക്കലും ഉയര്‍ത്തിക്കാട്ടില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം. കോണ്‍ഗ്രസ് ഒരിക്കലും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ എ.ഐ.സി.സി ഇടപെട്ട് അത് അവസാനിപ്പിച്ചതാണെന്നും ചിദംബരം ന്യൂസ് 18 തമിഴിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങള്‍ക്കു വേണ്ടത് ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കുകയാണ്. പകരം പുരോഗമന ചിന്താഗതിയുള്ള ഒരു ബദല്‍ സര്‍ക്കാര്‍ വരണം. വ്യക്തികളുടെ സ്വാതന്ത്യത്തെ മാനിക്കുകയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുകയും കര്‍ഷകരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും നികുതി ഭീകരത നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാരാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആരാകണമെന്ന് തീരുമാനിക്കുക തെരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികള്‍ കൂടിയാലോചിച്ചാണ്. കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പ്രധാനമന്ത്രി മോഡി പ്രാദേശിക പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുകയാണെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസിന് ഒറ്റയ്ക്കു അധികാരത്തില്‍ വരാന്‍ കഴിയില്ലെന്നും സഖ്യ രൂപീകരണം കോണ്‍ഗ്രസിനെ അരുക്കാക്കാന്‍ വേണ്ടി ആകരുതെന്നും മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.