ഗുണ്ടൂർ- ഭർത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വ്യാപാരിയായ ഛുക്ക രത്‌നബാബു(26)വിനെയാണ് ഭാര്യ സ്വർണലത(24) അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വർണലതയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ ദമ്പതികളുടെ വീട്ടിൽ വെച്ചാണ് സംഭവം. അഞ്ചു വർഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഉറങ്ങാതിരുന്ന സ്വർണലത ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലക്കടിക്കുകയായിരുന്നു.
ആക്രമണത്തിൽ തലയോട് തകർന്ന് തൽക്ഷണം മരണം സംഭവിച്ചെങ്കിലും സ്വർണലതയുടെ കോപമടങ്ങിയില്ല. ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മാരകമായി മുറിവേൽപിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെയാണ് ബന്ധുക്കളും അയൽവാസികളും കൊലപാതക വിവരമറിഞ്ഞത്. തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. സ്വർണലത പൊതുവെ ദേഷ്യക്കാരിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്നത് പതിവായിരുന്നു. ദമ്പതികൾക്ക് രണ്ടു മക്കളാണ്.