ന്യൂദൽഹി - അമ്പത്തൊമ്പതു പേരുടെ മരണത്തിനിടയാക്കിയ അമൃത്‌സർ ട്രെയിൻ അപകടത്തിൽ പ്രതിഷേധിക്കാൻ റെയിൽപാളത്തിൽ തമ്പടിച്ചവരെ പോലീസ് തുരത്തിയോടിച്ചു. പ്രതിഷേധക്കാരുടെ കല്ലേറിൽ പോലീസുകാർക്കടക്കം പരിക്കേറ്റു.
മന്ത്രി നവ്‌ജോത് സിംഗ് സിദ്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുദ്രാവാക്യം വിളികളുമായി ജനം സംഘടിച്ചത്. ട്രെയിൻ ഡ്രൈവർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കമാൻഡോകൾ അടക്കമുള്ള സന്നാഹം പഞ്ചാബ് പോലീസ് വിന്യസിച്ചിരുന്നു. മിന്നൽ സേനയും രംഗത്തുണ്ടായിരുന്നു.
അതിനിടെ, അപകടമുണ്ടാക്കിയ ട്രെയിനിന്റെ ഡ്രൈവറിൽ നിന്ന് പോലീസ് മൊഴിയെടുത്തു.
ആൾക്കൂട്ടത്തെ കണ്ടയുടൻ എമർജൻസി ബ്രേക്ക് ഉപയോഗിക്കുകയും തുടർച്ചയായി ഹോൺ മുഴക്കുകയും ചെയ്‌തെങ്കിലും അപകടം ഒഴിവാക്കാനായില്ലെന്ന് ഡ്രൈവർ അരവിന്ദ് കുമാർ മൊഴി നൽകി.
അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തിയിടാൻ ഒരുങ്ങിയപ്പോൾ ആൾക്കൂട്ടം കല്ലെറിയാനാരംഭിച്ചു. യാത്രക്കാരുടെ സുരക്ഷയോർത്ത് മുന്നോട്ടെടുത്ത ട്രെയിൻ പിന്നീട് അമൃത്‌സർ ജംഗ്ഷനിലാണ് നിർത്തിയത്. മേലുദ്യോഗസ്ഥരോട് ഇവിടെ വെച്ച് താൻ കാര്യങ്ങൾ ബോധിപ്പിച്ചെന്നും അരവിന്ദ് വ്യക്തമാക്കി.അമൃത്‌സർ ട്രെയിനപകടത്തിൽ മരിച്ച ബന്ധുക്കളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുമ്പോൾ വിലപിക്കുന്നവർ.