Sorry, you need to enable JavaScript to visit this website.

സി.ബി.ഐക്കുള്ളിലെ തമ്മിലടി പുതിയ തലത്തിലേക്ക്; ഉപമേധാവിക്കെതിരെ മേധാവിയുടെ കേസ്

ന്യുദല്‍ഹി- രാജ്യത്തെ മുന്‍നിര കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐക്കുള്ളില്‍ ഏറ്റവും മുതിര്‍ന്ന രണ്ടു ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഏതാനും മാസങ്ങളായി തുടരുന്ന പോര് പുതിയ തലത്തിലേക്ക്. സി.ബി.ഐ മേധാവി അലോക് വര്‍മ ഉപമേധാവിയായ രാകേഷ് അസ്താനയ്‌ക്കെതിരെ അഴിമതിക്കേസ് ഫയല്‍ ചെയ്തതോടെയാണ് ഇവര്‍ തമ്മിലുള്ള പോര് വീണ്ടും മുറുകിയത്. കേസ് നല്‍കിയതിനു മറുപടിയായി അസ്താന ഇത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടിയും അലോക് വര്‍മയുടെ അഴിതമി ഇടപാടുകള്‍ അക്കമിട്ടു നിരത്തിയും സര്‍ക്കാരിന് കത്തെഴുതി. 

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മാംസ കയറ്റുമതി വ്യവസായി മൊയിന്‍ ഖുറേഷിക്കെതിരായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്ത ഹൈദരാബാദിലെ വ്യവസായി സതീഷ് സനയുടെ പരാതി പ്രകാരമാണ് അസ്താനയ്‌ക്കെതിരെ കേസ് നല്‍കിയത്. ഖുറേഷി കേസില്‍ തന്റെ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ അസ്താനയ്ക്ക് താന്‍ രണ്ടു കോടി കോഴ നല്‍കിയെന്നും 2017 ഡിസംബര്‍ മുതല്‍ 10 മാസത്തിനിടെയാണ് ഈ തുക കൈമാറിയതെന്നും സതീഷ് സി.ബി.ഐക്കു നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു.

എന്നാല്‍ സി.ബി.ഐയിലെയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിലേയും ചില ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഫലമായാണ് സതീഷ് സന തനിക്കെതിരെ കോഴ ആരോപിച്ച് പരാതി നല്‍കിയതെന്ന് അസ്താന പറയുന്നു. സി.ബി.ഐ മേധാവി അലോക് വര്‍മയുടേയും സി.ബി.ഐയിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ അരുണ്‍ ശര്‍മയുടെയും അഴിമതി ഇടപാടുകളും അസ്താന കാബിനെറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അഴമിതി, ക്രിമിനല്‍ പെരുമാറ്റം, പ്രമാദമായ കേസുകളില്‍ ഇടപെടാന്‍ ശ്രമിച്ചതടക്കമുള്ള 10 സംഭവങ്ങളാണ് സി.ബി.ഐ മേധാവിക്കെതിരെ രാകേഷ് അസ്താന ഉന്നയിച്ചിരിക്കുന്നത്. 

ഖുറേഷി കേസില്‍ നിന്ന് തടിയൂരാന്‍ സഹായിക്കാന്‍ സതീഷ് സന സി.ബി.ഐ മേധാവിക്ക് രണ്ടു കോടി രൂപ കോഴ നല്‍കിയെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യം വിടുന്നതില്‍ നിന്നും സതീഷ് സനയെ തടയുകയും അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത ശേഷമാണ് തനിക്കെതിരായ ഗൂഢാലോചന തുടങ്ങിയതെന്നും അസ്താന പറയുന്നു. ഈയിടെ സതീഷ് സനയെ ചോദ്യം ചെയ്തപ്പോള്‍ സി.ബി.ഐ ഡയറക്ടറുമായി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നെന്നും ഇതിനായി തെലുഗു ദേശം പാര്‍ട്ടി പാര്‍ലമെന്റംഗത്തിന്റെ സഹായമുണ്ടായിരുന്നെന്നും സതീഷ് സമ്മതിച്ചിട്ടുണ്ടെന്നും കാബിനെറ്റ് സെക്രട്ടറിയെ അസ്താന അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഹവാല പണം എത്തിച്ചെന്നും വന്‍ തോതില്‍ പണം നല്‍കി നേതാക്കളെ സ്വാധീനിച്ച് കാര്യങ്ങള്‍ നേടിയെടുത്തെന്നുമാണ് ഖുറേഷിക്കെതിരായ കേസ്.
 

Latest News