Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താനാവില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂദല്‍ഹി- നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായ രൂപപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിലെ കക്ഷികള്‍ വിട്ടുവീഴ്ചകള്‍ക്കു തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സഖ്യ രൂപീകരണം കോണ്‍ഗ്രസിനെ മൂലക്കിരുത്താനാകരുത്. ബി.ജെ.പിയെ തോല്‍പ്പിക്കാനാണ്. ഇതിന് സഖ്യം ആവശ്യമാണെന്ന് എല്ലാ കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കിയതാണ്. ഈ സഖ്യം ഒരു യാഥാര്‍ത്ഥ്യമാകാന്‍ വിട്ടുവീഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും പാര്‍ട്ടികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഇതിനു തയാറാണ്. ഈ സമീപനം മറ്റു പാര്‍ട്ടികള്‍ക്കും ഉണ്ടാകണം. സഖ്യം ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനാണ്. അതിനു വേണ്ടി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും ഖുര്‍ഷിദ് പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങിയ ബി.എസ്.പിയും എസ്.പിയും ഈയിടെ പിന്‍വാങ്ങിയതിനിടെയാണ് ഖുര്‍ഷിദിന്റെ പ്രതികരണം. മധ്യപ്രദേഷ്, രാജ്സ്ഥാന്‍, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കുമെന്ന് മയാവാതി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രുമായുള്ള സഖ്യം ദീര്‍ഘകാലത്തേക്കല്ലാത്തതിനാല്‍ മധ്യപ്രദേശില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് എസ്.പിയും ഈയിടെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തിന്റെ ലക്ഷ്യം മോഡി സര്‍ക്കാരിനെ പരാജയപ്പെടുത്തുകയാണ്. സഖ്യ കക്ഷികള്‍ ഈ ലക്ഷ്യം മറന്നാല്‍ അത് എല്ലാ പാര്‍ട്ടികള്‍ക്കും രാജ്യത്തിനും നഷ്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബി.എസ്.പി കോണ്‍ഗ്രസ് സഖ്യത്തിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൊതുജനത്തിന്റെ മനസ്സറിയാന്‍ സഹായിക്കും. ഇതോടെ മഹാസഖ്യ രൂപീകരണം എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News