കൊച്ചി- ഇന്ത്യൻ നാവിക സേനയുടെ വിമാന വാഹിനിക്കപ്പലായ ഐ.എൻ. എസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണികൾ കൊച്ചി കപ്പൽശാലയിൽ പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽ കൊച്ചി വിടും. 2013 നവംബർ 13ന് നാവിക സേനയുടെ ഭാഗമായ ശേഷം രണ്ടാം തവണയാണ് വിക്രമാദിത്യ അറ്റകുറ്റപ്പണിക്കായി കപ്പൽശാലയിൽ എത്തുന്നത്. 2016 ലായിരുന്നു ആദ്യ വരവ്.
കപ്പലിന്റെ അടിത്തട്ട് (ഹൾ), ഷാഫ്റ്റ് ബെയറിങ്ങുകൾ എന്നിവക്കാണ് അറ്റകുറ്റപ്പണി നടത്തിയത്. 24 ബെയറിങ്ങുകളിൽ 16 എണ്ണം മാറ്റിവെച്ചു. കപ്പൽ പുതുതായി പെയിന്റ് ചെയ്തു. കൊച്ചി കപ്പൽശാലയിലെ അറ്റകുറ്റപ്പണികൾ തൃപ്തികരമാണെന്ന് ക്യാപ്റ്റൻ പർവീർ ദാസ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു. 705 കോടി രൂപയാണ് അറ്റകുറ്റപ്പണിക്ക് വേണ്ടിവന്നത്. മെയ് 17 നാണ് കപ്പൽ കൊച്ചിയിലെത്തിയത്. അറ്റകുറ്റപ്പണികൾക്കു ശേഷം പരീക്ഷണ യാത്രയും നടത്തി.
സോവിയറ്റ് യൂണിയൻ നാവികപ്പടയിൽ 1987 മുതലുള്ള ബക്കു എന്ന വിമാന വാഹിനിയാണ് ഇന്ത്യ വാങ്ങി ഐഎൻഎസ് വിക്രമാദിത്യ എന്നു പേരു മാറ്റിയത്. ഇതിനു മുമ്പ് 1995ൽ അഡ്മിറൽ ഗോർഷ്കോവ് എന്നു കപ്പലിന് പേരു മാറ്റിയിരുന്നു. 283.5 മീറ്റർ നീളവും 59.8 മീറ്റർ വീതിയുമുള്ള വിമാന വാഹിനിയാണിത്. മിഗ് 29 കെയുബി യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന 'വൈറ്റ് ടൈഗേഴ്സ്', മിഗ് 29 കെ യുദ്ധവിമാനങ്ങളടങ്ങിയ 'ബ്ലാക് പാന്തേഴ്സ്', ചേതക് ഹെലികോപ്റ്ററുകളുടെ 'എയ്ഞ്ചൽസ്', ധ്രുവ് ഹെലികോപ്റ്ററുകളുടെ 'ഗാർഡിയൻസ്', സീ കിങ് ഹെലികോപ്റ്ററുകളുടെ 'ഹാർപൂൺസ്', കമോവ് കെഎ 31 ഹെലികോപ്റ്ററുകളുടെ 'ഫാൽക്കൺസ്' എന്നിവയുൾപ്പെടുന്ന ആറ് സ്ക്വാഡ്രണുകളാണ് വിക്രമാദിത്യയിലുള്ളത്. ബറാക് മിസൈലുകൾ ഉൾപ്പെടുന്ന ആയുധക്കലവറയുമുണ്ട്. കർണാടകത്തിലെ കാർവാർ ആസ്ഥാനമായി പശ്ചിമ നാവിക കമാൻഡിനു കീഴിലാണ് വിക്രമാദിത്യയുടെ സേവനം.