Sorry, you need to enable JavaScript to visit this website.

റയലിന് മൂന്നാം തോൽവി, കൂക്കിവിളി

അവസരം പാഴായ നിരാശയിൽ റയൽ താരങ്ങളായ ഗാരത് ബെയ്‌ലും കരീം ബെൻസീമയും.

മഡ്രീഡ് - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളുടെ കഷ്ടകാലം തീരുന്നില്ല. തുടർച്ചയായി മൂന്നാം തോൽവി ഏറ്റുവാങ്ങിയ റയൽ മഡ്രീഡ്, ഗോളടിക്കാതെ 482 മിനിറ്റുകൾ എന്ന നാണക്കേടിന്റെ റെക്കോർഡും കുറിച്ചു. സ്പാനിഷ് ഫുട്‌ബോൾ ലീഗിൽ ദുർബല ടീമായ ലെവാന്റേയോട് 2-1ന് തോറ്റ് റയൽ താരങ്ങൾ തല കുനിച്ച് മടങ്ങുമ്പോൾ സ്വന്തം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബാവുവിലെ ഗാലറിയിൽ നിന്ന് കൂക്കിവിളികൾ ഉയർന്നു. ലാലീഗയിൽ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചിരിക്കുകയാണവർ. കോച്ച് യൂലൻ ലോ പെറ്റെഗ്വിയെ പുറത്താക്കണമെന്ന് ആരാധകർ മുറവിളി കൂട്ടുന്നു.
സൂപ്പർ സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയും കോച്ച് സിനദിൻ സിദാനും റയലിന് എന്തായിരുന്നുവെന്ന് തെളിയിക്കുന്നതായി ഇന്നലത്തെ മത്സരവും. ഏഴാം മിനിറ്റിൽ റയൽ ഡിഫൻഡർ റഫായേൽ വരാനെയുടെ പ്രതിരോധ പിഴവിൽനിന്ന് ലൂയി മൊറേലിസ് ലെവാന്റെയെ മുന്നിലെത്തിച്ചു. 
പതിമൂന്നാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് റോജർ മാർട്ടി സന്ദർശകരുടെ ലീഡ് 2-0 ആക്കി. വാർ വീഡിയോ റീപ്ലേക്കു ശേഷമാണ് റഫറി പെനാൽറ്റി അനുവദിച്ചത്.
എങ്ങനെയും ഗോൾ മടക്കാനായി റയൽ നിരന്തരം ആക്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് മാർക്കോ അസെൻസിയോയുടെ ഷോട്ട് വലയിലെത്തിയെങ്കിലും റീപ്ലേയിൽ ഓഫ് സൈഡാണെന്ന് കണ്ട് റഫറി ഗോൾ നിഷേധിച്ചു. ഇതിനിടെ ഗോളടിക്കാതെ 464 മിനിറ്റ് എന്ന റയലിന്റെ തന്നെ പഴയ നാണക്കേടിന്റെ പഴയ റെക്കോർഡ് റയൽ മറികടന്നിരുന്നു.
കളിയുടെ 72-ാം മിനിറ്റിൽ അസെൻസിയോ സ്‌കോർ ചെയ്തപ്പോഴേക്കും ഗോളടിക്കാതെ 482 മിനിറ്റെന്ന പുതിയ റെക്കോർഡ് റയലിന്റെ ചുമലിൽ വീണു കഴിഞ്ഞു. വീണ്ടും സ്‌കോർ ചെയ്യാനുള്ള റയലിന്റെ ശ്രമങ്ങൾ വിഫലമായതോടെ ഒരിക്കൽ കൂടി തോൽക്കാനായിരുന്നു റയലിന്റെ വിധി.
മറ്റൊരു മത്സരത്തിൽ അത്‌ലറ്റിക്കോ മഡ്രീഡിനെ വിയാറയൽ സമനിലയിൽ തളച്ചു, 1-1.

 

Latest News