റിയാദ്- ജമാൽ ഖശോഗിയുടെ മരണത്തിലേക്ക് നയിച്ച ദുഃഖകരവും വേദനാജനകവുമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പുറപ്പെടുവിച്ച ഉത്തരവുകളും തുടർ നടപടികളും, നീതി നടപ്പാക്കുന്നതിനും വീഴ്ചകൾ വരുത്തിയവർ ആരായിരുന്നാലും അവരോട് കണക്കു ചോദിക്കുന്നതിനും സൗദി പൗരന്മാരെ ബാധിക്കുന്ന വീഴ്ചകളും അബദ്ധങ്ങളും കർക്കശമായി കൈകാര്യം ചെയ്യുന്നതിനും സൗദി അറേബ്യ പിന്തുടരുന്ന സമീപനത്തിന്റെ തുടർച്ചയാണെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. സൗദി പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തിൽ ഭരണാധികാരികൾക്കുള്ള അതീവ താൽപര്യമാണ് ഈ നടപടികളിൽ പ്രതിഫലിപ്പിക്കുന്നത്. വീഴ്ചകൾ വരുത്തിയവരെ ശിക്ഷിക്കുക മാത്രമല്ല, ഭാവിയിൽ ഇത്തരം ഗുരുതരമായ പിഴവുകൾ ആവർത്തിക്കാതെ നോക്കുന്നതിനുള്ള തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിശ്ചയദാർഢ്യവും ഇത് പ്രതിഫലിപ്പിക്കുന്നു.
ജമാൽ ഖശോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഏറെ സഹായകമാകുംവിധം തുർക്കി ഗവൺമെന്റ് നടത്തിയ ശ്രമങ്ങളും സഹകരണങ്ങളും സൗദി അറേബ്യ വിലമതിക്കുന്നു. ഊഹാപോഹങ്ങളും വ്യാജ ആരോപണങ്ങളും ഉന്നയിക്കാതെ, അന്വേഷണ ഫലം പുറത്തുവരുന്നതു വരെ കാത്തിരിക്കുന്നതിന് താൽപര്യം കാണിച്ച വിദേശ രാജ്യങ്ങളുടെ യുക്തിസഹമായ നിലപാടുകളെ സൗദി അറേബ്യ വിലമതിക്കുന്നതായും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.