ഈ വർഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലേക്ക് രണ്ട് പുത്തൻ ആയുധങ്ങൾ സജ്ജമാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ മണ്ണിൽ നടത്തിയ ട്രയൽസിൽ തകർപ്പൻ പെർഫോമൻസ് കാഴ്ചവെച്ച ഈ ആയുധങ്ങൾ കങ്കാരുക്കളെ നേരിടുമ്പോൾ എത്രത്തോളം ഫലപ്രദമാകുമെന്ന് ആരാധകർ ഉറ്റുനോക്കുന്നു.
പതിനെട്ടുകാരൻ പൃഥ്വി ഷാ, 21 കാരൻ റിഷഭ് പന്ത് എന്നിവരാണ് ആയുധങ്ങൾ.
നിർഭയൻ എന്നാണ് പൃഥ്വിയെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിശേഷിപ്പിക്കുന്നത്. ആരാധകർക്കും അക്കാര്യത്തിൽ സംശയമൊന്നുമില്ല. വെസ്റ്റിൻഡീസിനെതിരെ രാജ്‌കോട്ടിൽ നടന്ന അരങ്ങേറ്റ ടെസ്റ്റിൽ ഒരു പതിനെട്ടുകാരനെപ്പോലെയല്ല പൃഥ്വി കളിച്ചത്. ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി. ഹൈദരാബാദിൽ നടന്ന രണ്ടാം ടെസ്റ്റിൽ അർധസെഞ്ചുറിയും. അതും ട്വന്റി20 ശൈലിയിൽ കണ്ണഞ്ചിപ്പിക്കുന്ന സ്‌ട്രോക് പ്ലേയിലൂടെ. രണ്ട് ടെസ്റ്റുകളിലും മൂന്നാം ദിവസം ജയിക്കാൻ കഴിഞ്ഞ ഇന്ത്യക്ക്, വിജയം വേഗത്തിലാക്കാൻ പൃഥ്വിയുടെ സ്‌ട്രോക്ക് പ്ലേ വലിയൊരളവിൽ സഹായിച്ചു. മൂന്ന് ഇന്നിംഗ്‌സുകളിൽ 237 റൺസ് നേടിയ പൃഥ്വി മാൻ ഓഫ് ദി സീരീസുമായി.
പൃഥ്വി എന്നാൽ സചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും, ബ്രയാൻ ലാറയും ചേർന്നതാണെന്ന് കോച്ച് രവി ശാസ്ത്രി പറഞ്ഞത് വെറുതെയല്ല. സചിന്റെ ആധികാരികത, സെവാഗിന്റെ നിർഭയത്വം, ലാറയുടെ ആക്രമണം എല്ലാം ഈ മുംബൈക്കാരൻ പയ്യനിൽ കണ്ടു. ഇന്ന് ടീമിലുള്ള ബാറ്റ്‌സ്മാന്മാരിൽ ആരും 18 വയസ്സുള്ളപ്പോൾ ഇപ്പോഴത്തെ പൃഥ്വിയുടെ പത്ത് ശതമാനം പോലുമായിരുന്നില്ലെന്ന് കോഹ്‌ലി തന്നെ പറയുമ്പോൾ വേറെ വിശേഷണത്തിന്റെ ആവശ്യമില്ല.
മഹേന്ദ്ര ധോണിക്കു ശേഷം ആര് എന്ന ചോദ്യത്തിന്റെ ഉത്തരം അവസാനം ഇന്ത്യൻ ടീം കണ്ടെത്തിയിരിക്കുന്നത് റിഷഭ് പന്തിലാണ്. ധോണിയെപ്പോലെ എല്ലാം തികഞ്ഞൊരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ. രാജ്‌കോട്ട് ടെസ്റ്റിലും ഹൈദരാബാദ് ടെസ്റ്റിലും 92 റൺസ് വീതമായിരുന്നു 21 കാരൻ സ്‌കോർ ചെയ്തത്. ഇടങ്കയ്യൻ ബാറ്റ്‌സ്മാൻ എന്നത് പന്തിനെ ഉപയോഗിക്കുമ്പോൾ ഇന്ത്യൻ ടീമിനു കിട്ടുന്ന അധിക ഗുണമാണ്. വിക്കറ്റിനുപിന്നിലും ചോർച്ചയില്ലാതെ കാവൽ നിൽക്കാൻ 21 കാരന് കഴിഞ്ഞു.
ടെസ്റ്റിലെ പ്രകടനം കണക്കിലെടുത്താണ് റിഷഭിനെ വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്.
ഇരുവരുടെയും കഴിവിന്റെ ശരിയായ പരീക്ഷണമായിരിക്കും ഓസ്‌ട്രേലിയയിലെ പര്യടനമെന്ന് കോഹ്‌ലി സൂചിപ്പിക്കുന്നു. ഇന്ത്യയിലെ പോലെ അത്ര അനുകൂല സാഹചര്യമല്ല വരാൻ പോകുന്നതെന്ന് ക്യാപ്റ്റൻ ഇവർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഈ രണ്ട് യുവതാരങ്ങളുടെയും പ്രകടനം കണ്ടവർ, ഓസ്‌ട്രേലിയയിൽ വിനാശം വിതക്കാൻ ഈ ആയുധങ്ങൾക്ക് കഴിയുമെന്നു തന്നെ വിശ്വസിക്കുന്നു.