Sorry, you need to enable JavaScript to visit this website.

ജയിച്ചത്  ബ്രസീലോ അർജന്റീനയോ?

ഗാലറിയിൽ ബ്രസീൽ ആരാധകരായ മലയാളികൾ
നെയ്മാറിനെ വളയുന്ന അർജന്റീന കളിക്കാർ
അർജന്റീന ആരാധകർ
സൗഹൃദത്തിലും കാർഡിന് പഞ്ഞമില്ല... ഇരു ടീമുകൾക്കുമായി ഏഴ് മഞ്ഞക്കാർഡാണ് റഫറി പുറത്തെടുത്തത്.
ബ്രസീൽ കോച്ച് ടിറ്റി, അർജന്റീന കോച്ച് സ്‌കാലോണി

ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലെ മനംമയക്കുന്ന കളിക്കളത്തിൽ തൊണ്ണൂറ്റിരണ്ടാം മിനിറ്റിൽ പിറന്ന ഗോളിലാണ് സൂപ്പർ ക്ലാസിക്കോയിൽ ബ്രസീൽ അർജന്റീനയെ തോൽപിച്ചത്. ജയിച്ചത് ബ്രസീൽ തന്നെ, സംശയമില്ല. എന്നാൽ കൂടുതൽ സന്തോഷത്തോടെ സൗദി അറേബ്യ വിട്ടത് അർജന്റീനയാണ്.
കളി തീരാൻ സെക്കന്റുകൾ ശേഷിക്കേയാണ് ബ്രസീൽ ഗോളടിച്ചത്. നെയ്മാർ പോസ്റ്റിന്റെ ഇടതു വശത്തുനിന്ന് പായിച്ച കോർണർ കിക്ക് മാർക്കർ നിക്കൊളാസ് ഓടാമണ്ടിയെ വെട്ടിച്ച് പകരക്കാരൻ മിരാൻഡ വലയിലേക്ക് തല കൊണ്ട് ചെത്തിവിട്ടു. അതുവരെ അജയ്യനായി നിന്ന ഗോൾകീപ്പർ സെർജിയൊ റോമിറൊ നിസ്സഹായനായി. എന്നാൽ ബ്രസീൽ കോച്ച് ടിറ്റി കളിക്കളം വിട്ടത് ഒരുപാട് ആശങ്കകളുമായാണ്. അർജന്റീനയുടെ താൽക്കാലിക കോച്ച് ലിയണൽ സ്‌കാലോണിക്ക് ആശ്വസിക്കാൻ വകയേറെയായിരുന്നു.

വ്യത്യസ്തമായ ലക്ഷ്യം
രണ്ട് ടീമുകളും വ്യത്യസ്തമായ ഘട്ടത്തിലാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടിയത്. ദുരന്തമായ ലോകകപ്പിനു ശേഷം അർജന്റീന മുന്നോട്ടേക്കുള്ള വഴി തേടുകയാണ്. സ്‌കാലോണി താൽക്കാലിക കോച്ച് മാത്രമാണ്. മുന്നോട്ടുള്ള വഴിയെക്കുറിച്ച് അർജന്റീന അന്തിമ തീരുമാനമെടുത്തിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനായ ലിയണൽ മെസ്സിയെക്കുറിച്ച അനിശ്ചിതത്വം നിലനിൽക്കുന്നു. സ്‌കാലോണിയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ലോകകപ്പിൽ കളിച്ച നാലു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരിശീലനത്തിന് വളരെ കുറച്ച് സമയം മാത്രമേ അവർക്കു ലഭിച്ചിട്ടുള്ളൂ. എന്നിട്ടും സൗദി അറേബ്യയിൽ കളിച്ച രണ്ടു മത്സരങ്ങൾ അവർക്ക് വലിയ ആശ്വാസം പകർന്നിട്ടുണ്ടാവണം. ലോകകപ്പിനു ശേഷം സ്‌കാലോണിക്കു കീഴിൽ നാലു മത്സരങ്ങളാണ് അർജന്റീന കളിച്ചത്. മെസ്സി ഉൾപ്പെടെ പ്രമുഖർ ഇല്ലാത്ത, പരീക്ഷണ ടീം ആദ്യമായാണ് പരാജയപ്പെട്ടത്. റഷ്യയിൽ ജോർജെ സാംപോളിക്കു കീഴിൽ തന്ത്രങ്ങൾ ഇല്ലാതെ നെട്ടോട്ടമോടിയ ടീം കെട്ടുറപ്പുള്ള കൈവരിച്ചതായി പോലെ തോന്നിച്ചു. പ്രതിരോധ നിര അത്യുജ്വലമായിരുന്നു, പ്രത്യേകിച്ചും ഓടാമെണ്ടി. മിരാൻഡയുടെ ഗോൾ ലോകകപ്പിനു ശേഷം അവർ വഴങ്ങിയ ആദ്യ ഗോളാണ്.
അതേസമയം മിരാൻഡയുൾപ്പെടെ ലോകകപ്പിൽ കളിച്ച 10 പേർ ബ്രസീലിന്റെ സ്റ്റാർട്ടിംഗ് ഇലവനിലുണ്ടായിരുന്നു. 11 പേരിൽ ബാഴ്‌സലോണ മിഡ്ഫീൽഡർ ആർതർ മാത്രമാണ് ലോകകപ്പിനു ശേഷം ടീമിലെത്തിയത്. ബ്രസീൽ ലഭ്യമായ മികച്ച നിരയെ തന്നെയാണ് ഇറക്കിയത്. അടുത്ത ജൂണിൽ ബ്രസീലിൽ നടക്കുന്ന കോപ അമേരിക്കയാണ് അവരുടെ ലക്ഷ്യം. കോപ അമേരിക്കക്കും അടുത്ത ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും മുമ്പുള്ള വാംഅപ് ടൂർണമെന്റായിരുന്നു അവർക്ക് ഇത്. ആശങ്കകളുടെയും പിരിമുറുക്കങ്ങളുടെയും ഭാരമില്ലാതിരുന്നിട്ടും ബ്രസീൽ രണ്ടു കളികളിലും മോശമായി. സൗദി അറേബ്യയെ തോൽപിക്കാൻ അവർ വല്ലാതെ വെള്ളം കുടിച്ചു. അർജന്റീനയുടെ പ്രതിരോധം ഇഞ്ചുറി ടൈം വരെ അവരെ വരച്ച വരയിൽ നിർത്തി. കടുത്ത ചൂടുണ്ടായിരുന്നു എന്നത് ശരിയാണ്. അർജന്റീനക്കെതിരായ കളി പ്രത്യേകിച്ചും ഇടക്കിടെ തടസ്സപ്പെട്ടുകൊണ്ടിരുന്നു. ഫൗളുകളും കുടിവെള്ള ഇടവേളകളും മറ്റുമായി. 

ഇടതു വിംഗിനെ എന്തു ചെയ്യും
ബ്രസീലിന്റെ ടീം ഘടന ഒരുപാട് ചോദ്യങ്ങളുയർത്തുന്നു. ഫിലിപ്പെ കൗടിഞ്ഞോയെ എന്തു ചെയ്യുമെന്നതാണ് പ്രധാന ചോദ്യം. ലോകകപ്പിൽ മിഡ്ഫീൽഡറായാണ് കൗടിഞ്ഞൊ കളിച്ചത്. മൂന്ന് സ്‌ട്രൈക്കർമാർക്കു പിന്നിൽ ഇടതു വശത്താണ് കൗടിഞ്ഞോയുടെ സ്ഥാനം. നെയ്മാറുമായി ചേർന്നു കളിക്കാൻ ഇത് കൗടിഞ്ഞോക്ക് അവസരം നൽകി. അതേസമയം അത് പ്രതിരോധത്തിൽ ഇടതു വിംഗിനെ ദുർബലമാക്കി. ലോകകപ്പിൽ ബെൽജിയം മുതലെടുത്തത് ഈ ദൗർബല്യമാണ്. 
അർജന്റീനക്കെതിരെ പുതിയ രീതിയാണ് കോച്ച് പരീക്ഷിച്ചത്. ഫുൾബാക്കുകൾ ആക്രമണത്തിൽ അധികം പങ്കുചേർന്നില്ല. അത് അവരുടെ ശൈലിയെ തന്നെ അലങ്കോലമാക്കി. അതിവേഗ ഫുൾ ബാക്കുകളാണ് എപ്പോഴും ബ്രസീലിന്റെ ശക്തികളിലൊന്ന്. മിഡ്ഫീൽഡറായി ചുരുങ്ങാൻ കൗടിഞ്ഞൊ ആഗ്രഹിക്കുന്നില്ലെന്ന് ഈ മത്സരം തെളിയിച്ചു. ബാഴ്‌സലോണയിലെ റോളാണ് കൗടിഞ്ഞോക്ക് ഇഷ്ടം. എതിർ ഗോൾമുഖത്തിനടുത്ത്. 
നെയ്മാറിന്റെ മിന്നലാട്ടങ്ങൾ ഇടക്കിടെ കണ്ടു. പ്രത്യേകിച്ചും ഇടതു വിംഗിലൂടെയുള്ള ഒരു കുതിപ്പ് ഉജ്വലമായിരുന്നു. അർജന്റീന പ്രതിരോധ നിരക്കുമപ്പുറത്ത് ആർതർ അത് മുതലാക്കേണ്ടതായിരുന്നു. എന്നാൽ നെയ്മാറിന്റെ ഡ്രിബഌംഗുകൾ പല തവണ അർജന്റീന പ്രതിരോധത്തിൽ തട്ടിത്തകർന്നു. സെന്റർ ഫോർവേഡ് റോബർടൊ ഫിർമിനോയുമായി താളം കണ്ടെത്താൻ നെയ്മാറിന് സാധിച്ചില്ല. വലതു വിംഗിൽ ഗബ്രിയേൽ ജെസൂസ് പരാജയമായിരുന്നു. റിച്ചാർലിസന്റെ വരവാണ് മുന്നേറ്റത്തിന് മൂർച്ച കൂട്ടിയത്. 

ലണ്ടനിൽ കാണാം
അടുത്ത മാസം ലണ്ടനിൽ ഉറുഗ്വായുമായി ബ്രസീൽ മറ്റൊരു സൗഹൃദ മത്സരം കളിക്കുകയാണ്. അർജന്റീനക്കെതിരായ കളിയിലെ വീഴ്ചകൾ കോച്ച് എങ്ങനെ പരിഹരിക്കുമെന്ന് അതിൽ തെളിയും. ഇപ്പോഴത്തെ ഫോമിൽ അർജന്റീനയേക്കാൾ മികച്ച ടീമാണ് ഉറുഗ്വായ്. കാമറൂണുമായി മറ്റൊരു പോരാട്ടവും വരുന്നുണ്ട്. 

അർജന്റീനയുടെ വിജയം
നെയ്മാറിനെ മാർക്ക് ചെയ്തത് റൈറ്റ് ബാക്ക് റെൻസൊ സരാവിയയാണ്. വലിയ അപകടമില്ലാതെ നെയ്മാറിനെ ഒതുക്കാൻ സരാവിയക്കു സാധിച്ചു. മുന്നേറ്റ നിരയാണ് അർജന്റീനയുടെ പ്രശ്‌നം. പോളൊ ദിബാലയും മോറൊ ഇകാർഡിയും ക്ലബ് തലത്തിൽ വൻമരങ്ങളാണ്. അർജന്റീന ജഴ്‌സിയണിയുമ്പോഴാണ് പ്രശ്‌നം. ലൗതാരൊ മാർടിനേസിന്റെ ഫോമാണ് ആശ്വാസം. ഇറാഖിനെതിരെ ഗോളടിച്ചു. അർജന്റീനക്കെതിരെ പകരക്കാരനായി ഇറങ്ങിയപ്പോൾ കരുത്തു കാട്ടി. ലൗതാരോയുടെ പേര് ഇനി ഒരുപാട് കേൾക്കാൻ സാധ്യതയുണ്ട്. പക്ഷേ അർജന്റീന കാത്തിരിപ്പിലാണ്. ആരൊക്കെ തിരിച്ചുവരും, ആര് പരിശീലിപ്പിക്കും. സൗദിയിലെ ചാമ്പ്യൻഷിപ് അവർക്ക് പ്രധാന തീരുമാനങ്ങളെടുക്കും മുമ്പുള്ള, കിട്ടിയ കളിക്കാരെ വെച്ചുള്ള പരീക്ഷണം മാത്രമായിരുന്നു. അതിൽ അവർ വലിയ പരിക്കില്ലാതെ മടങ്ങി. അത് വിജയം തന്നെയാണ്.  

 

 

 

 

 

 

Latest News