ന്യൂദല്‍ഹി- എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനികളുടെ ലയനവും 111 വിമാനങ്ങള്‍ വാങ്ങിയ ഇടപാടുകളും സംബന്ധിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കുന്നു. ഈ ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവന്നെ ആരോപണം സംബന്ധിച്ച് പുതിയ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഇ.ഡി അറിയിച്ചു. കഴിഞ്ഞ വര്‍ഷം സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത് പ്രഥമ വിവര റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ കേസുകളെന്ന് ഇ.ഡി വൃത്തങ്ങള്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് കേസ്. ഒന്നാം യു.പി.എ ഭരണകാലത്ത് ഈ ഇടപാടുകള്‍ നടക്കുമ്പോള്‍ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലായിരുന്നു വ്യോമയാന മന്ത്രി. എയര്‍ ഇന്ത്യ ലയിപ്പിക്കാനും പുതിയ വിമാനങ്ങള്‍ വാങ്ങാനുമുള്ള തീരുമാനങ്ങളില്‍ അപാകതകളൊന്നുമില്ലെന്ന് നേരത്തെ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.
കോര്‍പറേറ്റ് കണ്‍സള്‍ട്ടന്റ് ദീപക് തല്‍വാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെയാണ് എയര്‍ ഇന്ത്യയുമായി ബന്ധമുള്ള പണ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ കണ്ണിലുടക്കിയത്. ഈ ഇടപാട് നടന്നിരിക്കുന്നത് ദീപക് തല്‍വാറുമായി ബന്ധമുള്ള ഒരു സ്ഥാപനവുമായിട്ടാണ്. വന്‍തുകയുടെ ഇടപാടാണിത്, ഒരു മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. അഡ്വാന്റേജ് ഇന്ത്യ എന്ന ദീപക് ദല്‍വാറിന്റെ എന്‍.ജി.ഒയിലേക്ക് വിദേശത്തു നിന്നെത്തിയ പണം സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം നടത്തി വരുന്നത്.
എയര്‍ ഇന്ത്യ- ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം, 70,000 കോടി രൂപയ്ക്ക് ബോയിങ്ങില്‍ നിന്നും 111 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം, ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത്, വിദേശ നിക്ഷേപത്തിന്റെ സഹായത്തോടെ ചില പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് എന്നിവയുമായി ബന്ധപ്പെട്ടാണ് ഇ.ഡി നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
111 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം ദുരന്തമാണെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നും 2012ല്‍ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കടമായി വിമാനങ്ങള്‍ വാങ്ങാനുള്ള തീരൂമാനം കമ്പനിയുടെ കട ബാധ്യത താങ്ങാവുന്നതിനേക്കാള്‍ കൂട്ടിയെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു. വ്യോമയാന മന്ത്രാലയവും പബ്ലിക് ഇന്‍വെസറ്റ്‌മെന്റ് ബോര്‍ഡും പ്ലാനിങ് കമ്മീഷനും ഈ ഇടപാടില്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്ന് സി.എ.ജി വ്യക്തമാക്കിയിരുന്നു.