അമൃത്സര്‍- പഞ്ചാബിലെ അമൃത്സറിനുടത്ത ജോഡ ഫടക്കില്‍ ദസറ ആഷോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രെയ്ന്‍ പാഞ്ഞു കയറി ഉണ്ടായ വന്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഇവരില്‍ 39 പേരുടെ മൃതദേഹങ്ങള്‍ മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. റെയില്‍വെ പാളത്തില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പാളങ്ങളിലൂടെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ എതിര്‍ദിശയില്‍ ചീറിപ്പാഞ്ഞ രണ്ടു ട്രെയ്‌നുകള്‍ക്കടിയില്‍പ്പെട്ടാണ് ആളുകള്‍ മരിച്ചത്. രാവണന്റെ കോലം കത്തിക്കുന്നത് ശരിയായി കാണാനാണ് ഉയരത്തിലുള്ള പാളത്തില്‍ ആളുകള്‍ കയറി നിന്നത്. എന്നാല്‍ പടക്കങ്ങളുടെ പൊട്ടിത്തെറി ശബ്ദം കാരണം ട്രെയ്‌നിന്റെ ശബ്ദമോ സൈറണോ ആളുകള്‍ കേട്ടില്ല. ആദ്യമെത്തിയ ജലന്തര്‍-അമൃത്സര്‍ ഡി.എം.യു ആണ് ആള്‍ക്കൂട്ടത്തിനു മുകളിലൂടെ ചീറിപ്പാഞ്ഞത്. ഇതു കണ്ട് ഭയചകിതരായി രക്ഷപ്പെട്ടോടിയ ഏതാനും പേര്‍ രണ്ടാം പാളത്തിലേക്ക് കയറി. ഇതിനിടെ എതിര്‍ദിശയില്‍ രണ്ടാം പാളത്തിലൂടെ വന്ന അമൃത്സര്‍-ഹൗറ എക്‌സ്പ്രസ് ട്രെയ്ന്‍ ഇവര്‍ക്കു മുകളിലൂടെയും പാഞ്ഞു കയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. രണ്ടു ട്രെയ്‌നുകള്‍ക്കുമിടയില്‍പ്പെട്ടാണ് 61 പേര്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പലരുടേയും നില അതീവ ഗുരുതരമാണ്. മരണം സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 72 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. നിരവധി മൃതദേഹങ്ങള്‍ ട്രെയ്ന്‍ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞിട്ടുണ്ട്. ഇവരെ തിരിച്ചറിയാന്‍ സമയമെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതിഷേധം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ
മുന്നോറോളം പേരാണ് ആഘോഷ പരിപാടിക്ക് സംഭവസ്ഥലത്തുണ്ടായിരുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ സൗരഭ് മിത്തു മദാന്‍ ആണ് ദസറ ആഘോഷം സംഘടിപ്പിച്ചത്. സ്ഥലം എം.എല്‍.എയും മന്ത്രി നവജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യയുമായ നവ്‌ജോത് കൗര്‍ സിദ്ധുവായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഇവര്‍ എത്താന്‍ വൈകിയത് കാരണമാണ് ആഘോഷവും വൈകിയത്. അപകടമുണ്ടായ ഉടന്‍ ഇവര്‍ മടങ്ങിയതായും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ആശുപത്രിയിലേക്കാണ് പോയതെന്ന് കൗര്‍ പറഞ്ഞു. രോഷാകുലരായ ജനക്കൂട്ടം ദുരിതാശ്വാസത്തിനായി എത്തിയ ആക്‌സിഡന്റ് റിലീഫ് മെഡിക്കല്‍ ട്രെയ്‌നിനു തീയിടാനും ശ്രമിച്ചു.
പരിപാടി നടത്തിയത് അനുമതി ഇല്ലാതെ
അപകടമുണ്ടായ റെയില്‍വേ ട്രാക്കിനു സമീപമുള്ള ധോബി ഘട്ട് മൈതാനത്ത് പരിപാടി നടത്താന്‍ ആരും അനുമതി തേടിയിരുന്നില്ലെന്നും അനുമതി നല്‍കിയിട്ടില്ലെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്.
ഡ്രൈവര്‍ കസ്റ്റഡിയില്‍
അപകടത്തിനിടയാക്കിയ ജലന്തര്‍-അമൃത്സര്‍ ഡി.എം.യു ട്രെയ്ന്‍ ഡ്രൈവറെ ലുധിയാന സ്റ്റേഷനില്‍ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തു വരികയാണ്. മുന്നറിയപ്പുകള്‍ ലഭിച്ചിരുന്നില്ലെന്നും പാത ക്ലിയര്‍ ആണെന്ന അറിയിപ്പാണ് ലഭിച്ചിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. ഗ്രീന്‍ സിഗ്നലാണ് ലഭിച്ചിരുന്നതെന്നും ട്രാക്കില്‍ ആളുകള്‍ കയറി നില്‍ക്കുന്നത് കണ്ടില്ലെന്നും ഇദ്ദേഹം പറഞ്ഞതായി പോലീസ വൃത്തങ്ങള്‍ പറയുന്നു.
ഇന്ന് ദുഖാചരണം
സംസ്ഥാനമൊട്ടാകെ ഇന്ന് സര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.അപകടത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും കേന്ദ്ര സര്‍ക്കാരും സഹായം പ്രഖ്യാപിച്ചു.