ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ സഹപാഠികള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പഠനം മുടങ്ങി.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സ്‌കൂളുകള്‍ പ്രവേശനം നിഷേധിക്കുകയാണെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു. സാഹസ്പുറിലെ സ്‌കൂളില്‍ ഓഗസ്റ്റ് 14നു സഹപാഠികള്‍ പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിക്കാണ് സ്‌കൂളുകള്‍ പ്രവേശനം നിഷേധിച്ചത്. പെണ്‍കുട്ടിക്ക് പ്രവേശനം നല്‍കിയാല്‍ സ്‌കൂളിലെ പഠനാന്തരീക്ഷം വഷളാകുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഡെറാഡൂണിനു പുറത്തുള്ള സ്‌കൂളിലേക്കു പഠനം മാറ്റേണ്ട അവസ്ഥയാണെന്ന് അവര്‍ പറഞ്ഞു.
വിദ്യാര്‍ഥിനിക്കു പ്രവേശനം നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് സീനിയര്‍ സൂപ്രണ്ട് നിവേദിത കുക്റേതി പറഞ്ഞു. പരാതിയില്‍ പറഞ്ഞിരിക്കുന്ന വിദ്യാലയങ്ങളെല്ലാം പൂജാ അവധിയിലാണ്. സ്‌കൂള്‍ തുറക്കുന്ന തിങ്കളാഴ്ച അന്വേഷണ സംഘത്തെ അയയ്ക്കും. പരാതി സത്യമാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിവേദിത വ്യക്തമാക്കി.
സംഭവം നിര്‍ഭാഗ്യകരമാണെന്ന് ഉത്തരാഖണ്ഡ് ശിശു അവകാശ സംരക്ഷണ കമ്മിഷന്‍ മുന്‍ ചെയര്‍മാര്‍ യോഗേന്ദ്ര ഖണ്ഡൂരി പറഞ്ഞു. പെണ്‍കുട്ടിക്കു പഠനത്തിനുള്ള എല്ലാ കഴിവും അവകാശങ്ങളും ഉണ്ടെന്നിരിക്കെ എങ്ങനെയാണു പഠനം തടയാനാവുക? പീഡനത്തിനിരയായ പെണ്‍കുട്ടിക്കു സംരക്ഷണമെന്ന നിലയില്‍, മനുഷ്യത്വപരമായി നോക്കിയാല്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ പ്രവേശനം നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടി ഡെറാഡൂണിനു പുറത്ത് ബോര്‍ഡിങ് സ്‌കൂളില്‍ വെച്ചാണു പീഡനത്തിനിരയായത്. നാല് സഹപാഠികള്‍ പീഡിപ്പിച്ച സംഭവം ഓഗസ്റ്റിലായിരുന്നുവെങ്കിലും സെപ്റ്റംബര്‍ 17നാണ് പുറംലോകമറിഞ്ഞത്. അതുവരെ സംഭവം സ്‌കൂള്‍ അധികൃതര്‍ മൂടിവെക്കുകയായിരുന്നു. നാലു വിദ്യാര്‍ഥികള്‍ക്കു പുറമെ, സ്‌കൂള്‍ ഡയരക്ടര്‍, പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എന്നിവരടക്കം അഞ്ചു പേരേയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം സ്‌കൂളിനുള്ള അംഗീകാരം സി.ബി.എസ.്ഇ റദ്ദാക്കുകയും ചെയ്തു