തിരുവനന്തപുരം- ശബരിമലയിൽ വനിതാ ആക്ടിവിസ്റ്റ് മലകയറിയ വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശം തിരുത്തി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഒരിടമായി ശബരിമലയെ മാറ്റരുതെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. എന്നാൽ വിശ്വാസിയാണെങ്കിൽ ആക്ടിവിസ്റ്റായതിന്റെ പേരിൽ പ്രവേശനം തടയാനാകില്ലെന്ന് കോടിയേരി തിരുത്തി. ഇതേത്തുടർന്ന് ആക്ടിവിസ്റ്റുകളുടെ പ്രകടനത്തെയാണ് താൻ ഉദ്ദേശിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു.
ആയിരക്കണക്കിന് വിശ്വാസികൾ വരുന്ന സ്ഥലമാണ് ശബരിമല. സർക്കാർ നിയമ വിധേയമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. കോടതി വിധി നടപ്പാക്കേണ്ടതും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാനുള്ള ഉത്തരവാദിത്തവും സർക്കാരിനുണ്ട്. എന്നാൽ ആക്ടിവിസ്റ്റുകൾ അവരുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അവർക്ക് യാതൊരു വിധത്തിലുള്ള സംരക്ഷണവും നൽകില്ല. ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റാതെ കോടതി വിധി മാനിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുതെന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വ്യക്തികളെ നോക്കിയല്ല പ്രവേശനത്തിന് അനുമതി നൽകുന്നത്. വിശ്വാസികളാണെങ്കിൽ ആക്ടിവിസ്റ്റായതുകൊണ്ട് പ്രവേശനം തടയാനാകില്ല. പക്ഷേ അതിന്റെ പേരിൽ പ്രശ്‌നമുണ്ടാക്കാൻ പറ്റില്ല. കുഴപ്പമുണ്ടാക്കാൻ വരുന്നവരെ മാത്രമേ തടയേണ്ടതുള്ളൂ.
യുവതികൾ മടങ്ങിയ സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. തന്ത്രിയുടെ നിലപാട് കാരണമാണ് യുവതികൾക്ക് സന്നിധാനത്ത് പ്രവേശിക്കാൻ കഴിയാതിരുന്നത്. യുവതികൾ സ്വയം മടങ്ങുകയായിരുന്നു. യുവതികൾക്കു സന്നിധാനത്തേക്കു പോകാനുള്ള എല്ലാ സൗകര്യവും പോലീസ് നൽകി. പിന്നീട് അവർ പിന്തിരിഞ്ഞതാണ്. അല്ലാതെ പോലീസിന് അവരെ ദർശനത്തിന് എടുത്തു കൊണ്ടുപോകാനുള്ള ബാധ്യതയില്ല. വനിതകൾ പോകാൻ തയാറായ സ്ഥലം വരെ അവർക്ക് സംരക്ഷണം നൽകി. അവരെ സന്നിധാനത്ത് എത്തിക്കേണ്ടത് പോലീസിന്റെ ചുമതലയല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ശബരിമലയെ സംഘർഷ ഭൂമിയാക്കരുത്. ഇപ്പോഴത്തെ സമരം വിശ്വാസം രക്ഷിക്കാനല്ല. ലക്ഷ്യം രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.