Sorry, you need to enable JavaScript to visit this website.

ദസറ ആഘോഷ ബഹളത്തിനിടെ ട്രെയ്ന്‍ വന്നതറിഞ്ഞില്ല; ആള്‍കൂട്ടത്തിലേക്ക് ട്രെയ്ന്‍ പാഞ്ഞുകയറി നിരവധി മരണം

അമൃത്സര്‍- പഞ്ചാബിലെ അമൃത്സറില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണ രൂപം കത്തിക്കുന്നത് കാണാനായി റെയില്‍വെ ട്രാക്കില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി ചുരുങ്ങിയത് അമ്പതോളം പേരെങ്കിലും മരിച്ചതായി റിപോര്‍ട്ട്. ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടുന്ന ശബ്ദത്തിനിടെ ട്രെയിനിന്റെ ശബ്ദം കേള്‍ക്കാത്തതാണ് വന്‍ ദുരന്തത്തിന് വഴിവച്ചത്. അമൃത്സറിനടുത്ത ജോധ ഫടക്കിലാണ് ദുരന്തം. പഠാന്‍കോട്ടില്‍ നിന്ന് അമൃത്സറലേക്കുള്ള ജലന്തര്‍ എക്‌സ്പ്രസാണ് അപകടമുണ്ടാക്കിയത്. അഞ്ഞൂറിലേറെ പേര്‍ റെയില്‍വെ ട്രാക്കില്‍ നിന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നൂറിലേറെ പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

പടക്കങ്ങള്‍ പൊട്ടിത്തെറിക്കുന്ന  ശബ്ദം കാരണം ട്രെയിനിന്റെ ശബ്ദം കേള്‍ക്കാത്തവരാണ് അപകടത്തില്‍പ്പെട്ടത്. രാവണ കോലം ട്രാക്കിന്റെ തൊട്ടടുത്താണ് സ്ഥാപിച്ചിരുന്നതെന്നനും ദൃക്‌സാക്ഷികള്‍ പറയുന്നു. അമ്പതിലേറെ പേര്‍ മരിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അമൃത്സര്‍ പോലീസ് കമ്മീഷണര്‍ എസ്.എസ് ശ്രീവാസ്തവ അറിയിച്ചു.

മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏഴുനൂറോളം പേരാണ് ആഘോഷത്തിന്റെ ഭാഗമായി സംഭവസ്ഥലത്ത് തടിച്ചു കൂടിയിരുന്നതെന്ന് എ.എന്‍.ഐ റിപോര്‍ട്ട് ചെയ്യുന്നു. ആഘോഷത്തിന്റെ സംഘാടകര്‍ ട്രെയിന്‍ വരുന്നതായുള്ള മുന്നറിയിപ്പ് നല്‍കിയില്ലെന്നും ട്രെയിന്‍ വേഗത കുറക്കുകയോ നിര്‍ത്തുകയോ ചെയ്യുന്നതിന് സംഘാകര്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ചെയ്യേണ്ടിയിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ ആരോപിച്ചു. 

സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും സര്‍ക്കാരും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. സമീപ ദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യം ആശുപത്രികളോടും തുറന്നിരിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിര്‍ദേശം നല്‍കി.
 

Latest News