രൂപ തിരിച്ചുകയറുന്നു; ഡോളറിന് 29 പൈസ കൂടി

മുംബൈ- തുടര്‍ച്ചയായ മൂല്യശോഷണത്തിനുശേഷം ഇന്ത്യന്‍ രൂപ തിരിച്ചു കയറിത്തുടങ്ങി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 73.32 രൂപയാണ് വെള്ളിയാഴ്ചത്തെ വില. ബുധനാഴ്ച വ്യാപാരം അവസാനിച്ചിരുന്നത് 73.61 രൂപക്കായിരുന്നു. 29 പൈസയാണ് വര്‍ധന.
യു.എസ് ഡോളര്‍ ദുര്‍ബലമായി, ക്രൂഡ് ഓയില്‍ വില കുറഞ്ഞു, കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റഴിച്ചു തുടങ്ങിയ കാരണങ്ങളാണ് രൂപയെ തിരിച്ചുകയറാന്‍ സഹായിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ധനക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
 ക്രൂഡ് വില കുറഞ്ഞത് രൂപയ്ക്ക് താങ്ങായെന്ന് വിദഗ്ധര്‍ വിലയിരുത്തി. ക്രൂഡ് ഓയില്‍ വില ഒരു ശതമാനമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. ബാരലിന് 79.5 ഡോളര്‍ നിരക്കിലായിരുന്നു വെള്ളിയാഴ്ച വ്യാപാരം. ബാങ്കിംഗ് ഇതര മേഖലയിലെ ചില ധനകാര്യകമ്പനികള്‍ക്ക് വായ്പാ ചട്ടങ്ങളില്‍ ആര്‍.ബി.ഐ ചില ഇളവുകള്‍ നല്‍കിയിരുന്നു.
തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഒരു ശതമാനം ഇടിവുണ്ടായതും രൂപയുടെ തിരിച്ചുവരവിന് സഹായകമായി. സെന്‍സെക്‌സ് 463 പോയിന്റ് ഇടിഞ്ഞ് 34,315 പോയിന്റിലും നിഫ്റ്റി 149 പോയിന്റ് ഇടിഞ്ഞ് 10,303 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വളര്‍ച്ചാനിരക്കും വ്യാപാര യുദ്ധവും സംബന്ധിച്ച് ആശങ്ക തുടരുകയാണ്. വിദേശരാജ്യങ്ങളില്‍ ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് പിന്തുണയേകി. ഓഹരി, വിദേശ നാണയ വിപണികള്‍ ദസറ പ്രമാണിച്ച് വ്യാഴാഴ്ച അവധിയായിരുന്നു.

 

Latest News