മാധ്യമ രംഗത്തും മി ടൂവിന്റെ അലയൊലികൾ പടരുമ്പോൾ ഞെട്ടുകയാണ് സമൂഹം. സമൂഹത്തിന്റെ അധികാര ഘടനയിലുള്ള മാറ്റവും ജീവിത മൂല്യങ്ങളെക്കുറിച്ചുറച്ചതും സുതാര്യവുമായ കാഴ്ചപ്പാടുകളും മാത്രമാണ് സമൂഹത്തിൽ യഥാർഥ സ്ത്രീപുരുഷ സമത്വം ഉണ്ടാക്കുക. അത് കൈവരുന്നതു വരെ ഇത്തരം ചൂഷണങ്ങൾ അരങ്ങേറാൻ തന്നെയാണ് സാധ്യത.
നാൽപത് വർഷത്തെ ഉദാത്തമായ മാധ്യമ ജീവിതത്തിന് ഒരു നിമിഷം കൊണ്ട് തിരശ്ശീല വീഴുമ്പോൾ എം.ജെ. അക്ബർ എന്ന പ്രതിഭ, ഭാവി മാധ്യമ പ്രവർത്തകർക്കായി കരുതിവെക്കുന്നതെന്താണ് എന്ന ചോദ്യം പ്രസക്തമാകുന്നു. മി ടൂവിന്റെ അമ്പു കൊള്ളാത്തവരായി ആരുമില്ലെങ്കിലും മാധ്യമ പ്രവർത്തകരെ അത് കുടുക്കിലാക്കുമ്പോൾ സമൂഹ മനോഭാവത്തിൽ കാര്യമായ മാറ്റം വരുന്നതായി കാണുന്നു. അത് സ്വാഭാവികവുമാണ്. കാരണം, എല്ലാവരെയും നേരെയാക്കാൻ നടക്കുന്നവരാണ് മാധ്യമ പ്രവർത്തകർ എന്നതാണല്ലോ പൊതുവായ സിദ്ധാന്തം. തെറ്റു പറ്റാത്തവരും മോശമായ പെരുമാറ്റങ്ങളിൽനിന്ന് അകന്നു നിൽക്കുന്നവരും ജീവിത മൂല്യങ്ങൾക്ക് വില കൽപിക്കുന്നവരുമൊക്കെയാണ് അവരെന്നാണ് പൊതുധാരണ. മാധ്യമ പ്രവർത്തകർക്ക് പൊതുസമൂഹം കൽപിച്ചുനൽകുന്ന ആദരവിന്റെ അടിസ്ഥാനവുമിതാണ്.
സമൂഹത്തിന്റെ എല്ലാ മേഖലകളിൽനിന്നുമുള്ളവർ മി ടൂ വിവാദത്തിൽ കുടുങ്ങിയിട്ടുണ്ട്. പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹ വ്യവസ്ഥയിൽ സ്ത്രീകൾ നേരിട്ടതും നേരിടുന്നതുമായ വെല്ലുവിളികൾ എത്ര വലുതായിരുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. നടന്മാരായ നാനാ പടേക്കർ, അലോക് നാഥ്, ഉത്സവ് ചക്രവർത്തി, രജത് കപൂർ, സുൾഫി സയീദ്, പീയൂഷ് മിശ്ര, സൈൻ ദുരാനി, മലയാളി അഭിനേതാക്കളായ അലൻസിയർ, മുകേഷ്, ഗായകരായ ബാപു ഹാബി, അഭീജിത് ഭട്ടാചാര്യ, കൊമേഡിയന്മാരായ ഗുർസിമ്രാൻ ഖാംപ, കണ്ണൻ ഗിൽ, ജീവേഷു അലുവാലിയ, എഴുത്തുകാരായ വൈരമുത്തു, ചേതൻ ഭഗത്, വരുൺ ഗ്രോവർ, സചിൻ ഗാർഗ്, കിരൺ നഗാർക്കർ, സംഗീതജ്ഞരായ കൈലേഷ് ഖേർ, രഘു ദീക്ഷിത്, സിനിമാ പ്രവർത്തകരായ വികാസ് ബാൽ, സാജിദ് ഖാൻ, ഇവന്റ് മാനേജർ വിഭു ശർമ, ഫോട്ടോഗ്രഫർ പാബ്ലോ ബെർത്തലോവ്, പത്രപ്രവർത്തകരായ കെ.ആർ.ശ്രീനിവാസ്, വിനോദ് ദുവ, ഗൗതം അധികാരി, മേഘാനന്ദ് ബോസ്, റമീസ് ഷെയ്ഖ്, മനോജ് രാമചന്ദ്രൻ, പ്രശാന്ത് ഝാ, സിദ്ധാർഥ് ഭാട്ടിയ, മായങ്ക് ജെയിൻ, ആയുഷ് സോണി, സതാദ്രു ഓജ, മാർക്കറ്റിങ് വിദഗ്ധനും എഴുത്തുകാരനുമായ സുഹേൽ സേത്ത്, ബി.സി.സി.ഐ സിഇഒ രാഹുൽ ജോഹ്‌രി തുടങ്ങിയവരെല്ലാം ആരോപണ വിധേയരാണ്.
എന്നാൽ സിനിമയടക്കമുള്ള കലാരംഗത്ത് ഇത്തരം ആരോപണങ്ങൾ വലിയ ചലനമുണ്ടാക്കുന്നില്ല. അത് മുമ്പേയുള്ളതാണ് എന്ന മട്ടിൽ സമൂഹം പ്രതികരണം ഒതുക്കുന്നു. ചില വിഗ്രഹങ്ങൾ അപ്രതീക്ഷിതമായി വീണുടയുന്നു എന്നതും സമൂഹത്തിൽ വലിയ മാന്യന്മാരായി നടക്കുന്നവരുടെ ജീവിതം തകരുന്നത് കാണുന്നതിലെ ഗൂഢമായ ആനന്ദവുമൊക്കെ ദൃശ്യമാണെങ്കിലും സിനിമയിലും സംഗീതത്തിലുമൊന്നും ഇതൊന്നും അത്ര പുതുമയുള്ള കാര്യമല്ല. ഇത്രയും കാലം അത് ഗോസിപ്പ് കോളങ്ങളിലാണ് കണ്ടതെങ്കിൽ, സ്ഥിരീകരിക്കാൻ സാധിക്കാത്ത ചില അടക്കം പറച്ചിലുകൾ മാത്രമായിരുന്നെങ്കിൽ, ഇപ്പോഴത്, നിയമ നടപടികളിലേക്ക് പോകാൻ സാധ്യതയുള്ള സത്യത്തിന്റെ അംശം പേറുന്ന തുറന്നു പറച്ചിലുകളായി മാറുന്നു എന്നിടത്താണ് വ്യത്യാസമുള്ളത്. അഭിനയിക്കാൻ അവസരം ലഭിക്കണമെങ്കിൽ സംവിധായകനോ, പാടാൻ അവസരം വേണമെങ്കിൽ സംഗീത സംവിധായകനോ ഒക്കെ ശാരീരികമായി വഴങ്ങേണ്ട അവസ്ഥ സിനിമാരംഗത്ത് സർവ സാധാരണമാണ്. പുസ്തകങ്ങൾ വായിച്ച് ആരാധകരായി മാറിയ കോളേജ് കുമാരികളെ സ്വന്തം അഭീഷ്ടത്തിന് ഉപയോഗിക്കുന്ന സാഹിത്യകാരനെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ അടുത്ത സുഹൃത്ത് ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. എന്നാൽ മാധ്യമ രംഗത്ത് സ്ഥിതി വളരെ വ്യത്യസ്തമാണെന്നായിരുന്നു ധാരണ.
സമൂഹത്തിലെ തിരുത്തൽ ശക്തിയാണ് മാധ്യമങ്ങൾ എന്ന ധാരണ (ഒരുപക്ഷേ തെറ്റിദ്ധാരണ) ആയിരിക്കാം മാധ്യമ പ്രവർത്തകരെ വിശുദ്ധരായി കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നത്. സമൂഹ അഭിപ്രായം സ്വരൂപിക്കുന്നവർ (ഒപിനിയൻ ലീഡേഴ്‌സ്) എന്ന നിലയിൽനിന്ന് വിവരങ്ങൾ പങ്കുവെക്കുന്നവർ എന്ന നിലയിലേക്ക് മാത്രം മാധ്യമ പ്രവർത്തനം ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത്, സമൂഹത്തിലെ എല്ലാ ജീർണതകളും തുല്യ അളവിൽ മാധ്യമ രംഗത്തും നിലനിൽക്കുന്നു എന്നാശ്വസിക്കുക മാത്രമേ തരമുള്ളൂ. അക്ബർ എന്ന രാജ്യാന്തര പ്രശസ്തനായ മാധ്യമ പ്രവർത്തകൻ മാത്രമല്ല, മലയാളത്തിലെ പ്രമുഖനായ ഗൗരീദാസൻ നായർ വരെ മി ടൂവിന്റെ കരിനിഴലിൽ നിൽക്കുമ്പോൾ, വളരെ വൈകി സ്ത്രീ പ്രാതിനിധ്യം ഉണ്ടായി വന്ന മലയാളത്തിലെ മാധ്യമ രംഗത്തിന്റെ അവസ്ഥയെക്കുറിച്ച് ദുഃഖം തോന്നുന്നു. ടി.വി ചാനലുകളുടെ വരവോടെ, മാധ്യമരംഗത്ത് വനിതാ പ്രാതിനിധ്യത്തിലുണ്ടായ കുതിച്ചു ചാട്ടവും മാധ്യമ പ്രവർത്തകരാവാൻ ഗ്ലാമർ ഒരു അനിവാര്യ ഘടകമായി മാറിയതും ഒരു പക്ഷേ സിനിമയേക്കാൾ മോശമായ പ്രവർത്തന മേഖലയാക്കി മാധ്യമരംഗത്തേയും മാറ്റിക്കൂടായ്കയില്ല.
ഏതു മേഖലയായാലും സ്ത്രീയുടെയും പുരുഷന്റെയും പരസ്പര ബന്ധങ്ങൾ അധികാര സ്വരൂപങ്ങളിൽ കേന്ദ്രീകൃതമാണ് എന്നതാണ് മി ടൂ വെളിപ്പെടുത്തലുകൾ നൽകുന്ന പാഠം. ഇത് ഒരു പുതിയ പാഠമല്ലതാനും. അധികാരം പല രൂപത്തിൽ സ്ത്രീകളെ വേട്ടയാടുന്നു. അതിൽ പ്രധാനം പുരുഷനെന്ന അധികാര രൂപമാണ്. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന പുരുഷാധിപത്യ പ്രവണതയെ അതിജീവിക്കാൻ ജൈവികമായ കരുത്തും കലർപ്പറ്റ ജനാധിപത്യ ബോധവും അനിവാര്യമാണ്. മാധ്യമ പ്രവർത്തകനായി എന്നതു കൊണ്ടു മാത്രം ഇത് നേടിയെടുക്കാൻ സാധിക്കില്ല. അതിന് ജീവിത മൂല്യങ്ങളെക്കുറിച്ച ശരിയായ കാഴ്ചപ്പാടുകൾ ഉണ്ടാകണം. രണ്ടാമത്തേത് രാഷ്ട്രീയമായ അധികാര രൂപമാണ്. കീഴടങ്ങുന്ന സ്ത്രീക്ക് നേടിക്കൊടുക്കാൻ പുരുഷന്റെ കൈയിൽ പലതുമുണ്ട് എന്നതിന് കാരണം രാഷ്ട്രീയാധികാരം കൈയാളുന്നത് പ്രധാനമായും പുരുഷനാണ് എന്നതാണ്. അത് കീഴ്ത്തട്ടു മുതൽ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വ്യാപരിച്ചു കിടക്കുന്നു. ജോലി സ്ഥിരത ഉറപ്പു വരുത്താൻ, പ്രൊമോഷൻ ലഭിക്കാൻ, പുതിയ അവസരങ്ങൾ ലഭിക്കാൻ എല്ലാം പുരുഷന്റെ സഹായം വേണമെന്നതും പുരുഷൻ പകരം ആവശ്യപ്പെടുന്നത് ശരീരാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താനുള്ള സഹായമാണെന്നതും വരുന്നത് അങ്ങനെയാണ്. ബാങ്ക് വായ്പ ആവശ്യപ്പെട്ടെത്തിയ സ്ത്രീകളെ ലോണിന് പകരം സെക്‌സ് എന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജരെ സ്ത്രീകൾ മർദിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സമൂഹത്തിന്റെ അധികാര ഘടനയിലുള്ള മാറ്റവും ജീവിത മൂല്യങ്ങളെക്കുറിച്ച ഉറച്ചതും സുതാര്യവുമായ കാഴ്ചപ്പാടുകളും മാത്രമാണ് സമൂഹത്തിൽ യഥാർഥ സ്ത്രീപുരുഷ സമത്വം ഉണ്ടാക്കുക. അത് കൈവരുന്നതുവരെ ഇത്തരം ചൂഷണങ്ങൾ അരങ്ങേറാൻ തന്നെയാണ് സാധ്യത. ഒരിക്കൽ ഇസ്‌ലാമിനെക്കുറിച്ച ഒരു സംവാദ വേളയിൽ, ഒരു പെൺസുഹൃത്ത് സ്ത്രീകളെ അടിച്ചമർത്തുന്ന മതമാണത് എന്ന് വാദിക്കാൻ ചൂണ്ടിക്കാണിച്ച ഒരു കാര്യം, അന്യരായ സ്ത്രീയും പുരുഷനും ഒറ്റക്കാകുന്നത് ഇസ്‌ലാം വിലക്കുന്നു എന്നതായിരുന്നു. ജനാധിപത്യ, ലിബറൽ മൂല്യങ്ങൾ ശക്തിപ്രാപിക്കുകയും എല്ലാ തൊഴിൽ മേഖലകളിലേക്കും യോഗ്യതയും പ്രാപ്തിയുമുള്ള വനിതകൾ കടന്നു വരികയും ചെയ്യുമ്പോൾ ഇസ്‌ലാമിന്റെ ഈ നിർദേശം എങ്ങനെ പ്രയോഗവത്കരിക്കും എന്നും അവർ സംശയമുന്നയിച്ചു. എം.ജെ. അക്ബറിന്റെ സഹപ്രവർത്തകരായിരുന്ന തുഷിത പട്ടേലും ഐഷാ ഖാനും പറയുന്നത്, ഒറ്റക്ക് കിട്ടിയാൽ അക്ബർ കൈകാര്യം ചെയ്യുമെന്ന പേടിയിൽ അദ്ദേഹവുമായി ഒറ്റക്കാവാതിരിക്കാൻ എപ്പോഴും ശ്രമിക്കുമായിരുന്നെന്നും സഹപ്രവർത്തകരുടെ സാന്നിധ്യത്തിലല്ലാതെ അക്ബറിനെ കാണില്ലായിരുന്നുവെന്നുമാണ്. എല്ലാ പുരുഷന്മാരും അക്ബറിനെപ്പോലെയാകണമെന്നില്ല. എന്നാൽ ഒറ്റക്ക് ഒരു പെണ്ണിനെ അടുത്തു കിട്ടിയാൽ പുരുഷന്റെ ആധിപത്യ പ്രവണത സടകുടഞ്ഞെഴുന്നേൽക്കാനുള്ള സാധ്യതയുണ്ടുതാനും. അത് മറികടക്കാനുള്ള സാംസ്‌കാരിക ഔന്നത്യം പുരുഷ സമൂഹം കൈവരിക്കുന്നതുവരെ അത് തുടരും. നിയമങ്ങൾക്കോ ചട്ടങ്ങൾക്കോ തിരുത്താനാവുന്നതിനേക്കാൾ അപ്പുറത്താണത്. അതിനാൽ, ന്യൂസ് റൂമുകളിൽനിന്ന് ഇനിയും നിരവധി ഇരകൾ പുറത്തു വരാനിരിക്കുന്നു എന്ന് തന്നെയാണ് കരുതേണ്ടത്. ചാനലുകളിലെ ചായം തേച്ച മുഖങ്ങളിൽ കണ്ണീരുപ്പ് പടരുന്ന ദിനങ്ങൾക്കായി തീർച്ചയായും കാത്തിരിക്കാം. വാർത്താമുറികളിൽ നിറയുന്നത് വാർത്തകളുടെ ചൈതന്യം മാത്രമല്ല, സ്ത്രീകളുടെ കണ്ണീർ കൂടിയാണ് എന്ന അശുഭകരമായ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ സമൂഹം മടിക്കേണ്ടതില്ല. കാരണം, മാധ്യമ പ്രവർത്തകനും പുരുഷനാണല്ലോ...