മുംബൈ- കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ദുബായില്‍ ആഢംബര ഫ്‌ളാറ്റുകളും വില്ലകളും വാങ്ങിയ 7500 ഇന്ത്യക്കാരുടെ ഇടപാടുകള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നു. ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആദായ നികുതി ഇന്റലിജന്‍സ് ആന്റ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഈ ഇടപാടുകള്‍ക്ക് പണം ഏതും സ്രോതസ്സില്‍ നിന്നെത്തി എന്നാണ് അന്വേഷിക്കുന്നത്. ഈ ആസ്തികള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ആദ്യ മുന്ന് മാസങ്ങളില്‍ മാത്രം 1,387 ഇന്ത്യക്കാര്‍ ദുബായിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായ രംഗത്ത് 300 കോടി ദിര്‍ഹം നിക്ഷേപിച്ചു. 1550 ഇടപാടുകളിലൂടെയായിരുന്നു ഇതെന്നും ദുബായ് ലാന്‍ഡ് ഡെവലപ്‌മെന്റ് കണക്കുകള്‍ പറയുന്നു. 2017ല്‍ ഇന്ത്യക്കാര്‍ 1600ഓളം കോടി ദിര്‍ഹമാണ് ഈ മേഖലയില്‍ നിക്ഷേപമിറക്കിയത്. ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2013നും 2017നുമിടയില്‍ ഇന്ത്യക്കാര്‍ സ്വത്ത് വകകള്‍ വാങ്ങാന്‍ 8,300 കോടി ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നിയമ പ്രകാരം ദുബായില്‍ സ്വത്തുകള്‍ വാങ്ങുന്നത് നിയമവിരുദ്ധമല്ല. വിദേശ വിനിമയ നിയമപ്രകാരം ഇന്ത്യക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും വിദേശത്ത് സ്വത്ത് വാങ്ങാം. റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ഇന്ത്യക്കാര്‍ക്ക് വിദേശത്ത് 2.5 ലക്ഷം ഡോളര്‍ വരെ നിക്ഷേപം നടത്താം. അതേസമയം ഇന്ത്യയിലെ നികുതി നിയമപ്രകാരം പൗരന്മാര്‍ സ്വദേശത്തും വിദേശത്തുമുള്ള ആസ്തികള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. 2011-12 വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ വിദേശ ആസ്തി പട്ടികയില്‍ ഈ കണക്കുകള്‍ കൂടി നല്‍കേണ്ടത് നിര്‍ബന്ധമാണ്. 2015ല്‍ നിലവില്‍ വന്ന വിദേശത്തെ വെളിപ്പെടുത്താത്ത കള്ളപ്പണം തടയല്‍ നിയമം അനുസരിച്ച് സ്വത്ത് വെളിപ്പെടുത്താത്തവര്‍ക്ക് പിഴ ശിക്ഷ നല്‍കാനും അനുശാസിക്കുന്നുണ്ട്.
കള്ളപ്പണം തടയല്‍ നിയമപ്രകാരം വെളിപ്പെടുത്താത്ത വിദേശ സ്വത്ത് പിടിക്കപ്പെട്ടാല്‍ 30 ശതമാനം നികുതി അടക്കണം. ഇത് തോതനുസരിച്ച് 300 ശതമാനം വരെ ഉയരാം. കൂടാതെ ക്രിമിനല്‍ കേസ് നടപടികളും ഉണ്ടാകും.