പമ്പ- മൂന്നാം ദിവസവും പ്രതിഷേധം തുടരുന്നതിനിടെ ആന്ധ്ര പ്രദേശില്‍ നിന്നുള്ള തെലുങ്ക് ചാനലിന്റെ വനിതാ റിപോര്‍ട്ടര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു. കനത്ത പോലീസ് കാവലില്‍ നീലിമല വഴിയാണ് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടത്. ശബരിമല വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിന്റെ ഭാഗമായി തനിക്ക് സന്നിധാനത്തേക്ക് പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഐ.ജി ശ്രീജിത്ത് അടക്കമുള്ള പോലീസ് ഉന്നത ഉദ്യോഗസ്ഥരെ ഇവര്‍ കാണുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി സുരക്ഷ ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും രാവിലെ സുരക്ഷ നല്‍കാമെന്നും പോലീസ് അറിയച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ ഇവര്‍ ശബരിമല കയറിയത്. ഇരുനൂറോളം പോലീസുകാരാണ് ഇവര്‍ക്ക് സുരക്ഷാ വലയം തീര്‍ത്തിരിക്കുന്നത്. പോലീസ് ഉപയോഗിക്കുന്ന ഹെല്‍മെറ്റും ജാക്കറ്റും അണിഞ്ഞാണ് യാത്ര. പ്രതിഷേധവും തടയവും ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് പമ്പയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ടര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു. ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് ്എല്ലാ സുരക്ഷയും ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.