അമരാവതി- ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ബോളിവുഡ് നടന്‍ നാനാ പഠേക്കറെ പിന്തുണച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ. നാനാ പഠേക്കര്‍ കുഴപ്പക്കാരനാണെങ്കിലും നടി തനുശ്രീ ദത്ത ആരോപിച്ചതു പോലുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
നാനാ പഠേക്കറെ എനിക്കറിയാം. അയള്‍ മാന്യനല്ല. കിറുക്കന്‍ പണികള്‍ പലതും ചെയ്യാറുണ്ട്. പക്ഷേ, ഇത്തരമൊരു കര്യം അദ്ദേഹത്തിന് ചെയ്യാനാകുമെന്ന് കരുതുന്നില്ല. കോടതി ഇക്കാര്യം പരിശോധിക്കട്ട. മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാനാണ്. മി ടൂ ഗുരുതരമായ കാര്യമാണ്. ട്വിറ്ററില്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ശരിയല്ല -അമരാവതിയില്‍ ഒരു ചടങ്ങില്‍ രാജ് താക്കറെ പറഞ്ഞു.
രാജ്യത്ത് കുതിച്ചുയര്‍ന്ന പെട്രോള്‍ വിലക്കയറ്റത്തില്‍ നിന്നും രൂപയുടെ മൂല്യശോഷണത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ മി ടൂ മൂവ്‌മെന്റ് ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് രാജ് താക്കറെ ആരോപിച്ചു. സ്ത്രീകള്‍ അടിച്ചമര്‍ത്തല്‍ നേരിടുമ്പോള്‍ അപ്പോള്‍ തന്നെ അത് പരസ്യപ്പെടുത്തണമെന്നും പത്ത് വര്‍ഷം കഴിഞ്ഞല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ എം.എന്‍.എസിന്റെ സഹായം തേടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008-ല്‍ സിനിമാ ഷൂട്ടിംഗ് വേളയില്‍ നടന്‍ നാനാ പഠേക്കര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ് ഇന്ത്യയല്‍ മി ടൂ കാമ്പയിന്‍ ശക്തിപ്പെട്ടത്. തുടര്‍ന്ന് നിരവധി സ്ത്രീകളാണ് താരങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ രംഗത്തു വന്നത്. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടന്‍ തന്നെ ഉപദ്രവിച്ചതിനു പുറമെ, രാജ് താക്കറേയുടെ എം.എന്‍.എസ് പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കാര്‍ കേടു വരുത്തിയെന്നും നടി തനുശ്രീ ആരോപിച്ചിരുന്നു.
---