ന്യൂയോര്‍ക്ക്- ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കമ്പനിയുടെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഓഹരി ഉടമകളായ നാല് പ്രമുഖ നിക്ഷേപകര്‍ രംഗത്തെത്തി. യുഎസ് സംസ്ഥാനങ്ങളിലെ പൊതു ഫണ്ടുകളായ ഇലിനോയ്, റോഡ്‌സ് ഐലന്‍ഡ്, പെന്‍സില്‍വാനിയ സ്റ്റേറ്റ് ട്രഷറര്‍മാരും ന്യൂയോര്‍ക്ക് സിറ്റി കംട്രോളറുമാണ് സക്കര്‍ബര്‍ഗിനെ മാറ്റണമെന്നാവശ്യപ്പെട്ടത്. ഡാറ്റാ മോഷണം, പ്രൊഫൈലുകളുടെ ദുരുപയോഗം തുടങ്ങിയ അടിക്കടി വിവാദങ്ങളില്‍പ്പെടുന്നതാണ് കാരണം. ഇത് ഫേസ്ബുക്കിന് പേരുദോഷമുണ്ടാക്കിയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പൊതു ജനങ്ങളുടെ പെന്‍ഷന്‍ ഉല്‍പ്പെടെയുള്ള ഫണ്ടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവരാണ് സ്റ്റേറ്റ് ട്രഷറര്‍മാര്‍. ഈ ഫണ്ട് ഉപയോഗിച്ചാണ് ഇവര്‍ ഫേസ്ബുക്കില്‍ വലിയ നിക്ഷേപം നടത്തിയിട്ടുള്ളത്.
എന്നാല്‍ കമ്പനിയുടെ ഭൂരിപക്ഷ ഓഹരികളും സക്കര്‍ബര്‍ഗിന്റെ കൈവശമാണെന്നതിനാല്‍ ഇതൊരു പ്രതീകാത്മക ആവശ്യം മാത്രമായിരിക്കും. എന്നാല്‍ വാര്‍ഷിക യോഗത്തില്‍ ഇതൊരു ചര്‍ച്ചയാക്കാനും വിഷയം ഓഹരി ഉടമകളുടെ ശ്രദ്ധയില്‍പ്പെടുത്താനും ഇതു കാരണമായേക്കും. സമാനരീതിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കര്‍ബര്‍ഗിനെതിരെ മുന്നോട്ടു വച്ച നിര്‍ദേശം തള്ളപ്പെട്ടിരുന്നു. ഫേസ്ബുക്കിലെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിന് ഈ നിര്‍ദേശം സഹായകമാകുമെന്ന് റോഡ്‌സ് ഐലന്‍ഡ് ട്രഷറര്‍ സെത് മാഗ്‌സീനര്‍ പറഞ്ഞു.
സക്കര്‍ബര്‍ഗിനെ മാറ്റണമെന്ന ഓഹരി ഉടമകളുടെ പുതിയ നിര്‍ദേശം 2019 മേയില്‍ നടക്കുന്ന ഫേസ്ബുക്കിന്റെ ഓഹരി ഉടമകളുടെ വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കമ്പനിയുടെ മേല്‍നോട്ടം മെച്ചപ്പെടുത്തുന്നതിന് സക്കര്‍ബര്‍ഗിനെ മാറ്റി ഒരു സ്വതന്ത്ര ബോര്‍ഡ് രൂപീകരിക്കണമെന്നാണ് ഇവരുടെ പ്രമേയം ആവശ്യപ്പെടുന്നത്. യുസര്‍മാരുടെ സമ്മതമില്ലാതെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യല്‍, ഡാറ്റ മോഷണം, വ്യാജ വാര്‍ത്തകളുടെ വ്യാപനം, യുഎസ് തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളാണ് സക്കര്‍ബര്‍ഗിനെതിരെ ഇവര്‍ ഉന്നയിച്ചത്.