ജലന്ദര്‍- കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുന്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ദര്‍ രൂപതാ ആസ്ഥാനത്ത് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം. ബലാല്‍സംഗക്കേസില്‍ പിടിയിലായി മൂന്നാഴ്ച ജയിലില്‍ കിടന്ന ഫ്രാങ്കോയ്ക്ക് മൂന്ന് ദിവസം മുമ്പാണ് കോടതി കേരളത്തിലേക്ക് വരരുതെന്ന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയില്‍മോചിതനായി തിരിച്ചുപോയ ഫ്രാങ്കോ ബുധനാഴ്ച വൈകുന്നേരമാണ് ജലന്ദര്‍ ബിഷപ് ഹൗസിലെത്തിയത്. ബിഷപ്പിന്റെ ഭരണ ചുമതല വഹിക്കുന്ന ആഞ്ചലോ ഗ്രാസിയസും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിനാളുകള്‍ ചേര്‍ന്നാണ് ബിഷപ്പിനെ പുഷ്പാര്‍ച്ചനയോടെ സ്വീകരിച്ചത്. ബിഷപ് ഹൗസിനു പുറത്ത് ഫ്രാങ്കോ മുളയ്ക്കലിന് ആശംസകള്‍ നേര്‍ന്ന് പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. രൂപതാ ആസ്ഥാനത്തേക്കു റോഡിലുടനീളം മുദ്രാവാക്യങ്ങളുമായി വിശ്വാസികളും ഐക്യദാര്‍ഢ്യവുമായി ചേര്‍ന്നിരുന്നു. അനുയായികള്‍ പനിനീര്‍ പൂ ദളങ്ങള്‍ ചാര്‍ത്തിയാണ് ഫ്രാങ്കോയുടെ വാഹനത്തെ സ്വീകരിച്ചത്. ബിഷപ്പ് ഹൗസിലെത്തിയ ഫ്രോങ്കോയെ പൂമാല ചാര്‍ത്തിയാണ് കന്യാസ്ത്രീകള്‍ സ്വീകരിച്ചത്. സ്വീകരിക്കാനെത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേരും കന്യാസ്ത്രീകളായിരുന്നു.