ന്യൂദല്‍ഹി/ജയ്പൂര്‍- രാജസ്ഥാനില്‍ മാരക സിക വൈറസ് ബാധിച്ചവരുടെ എണ്ണം നൂറായി ഉയര്‍ന്നു. പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐ.സി.എം.ആര്‍) സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ രാജസ്ഥാനിലേക്ക് അയച്ചു. രോഗം ബാധിച്ചവരില്‍ 23 പേര്‍ ഗര്‍ഭിണികളാണെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ദല്‍ഹിയില്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുന്ന വൈറസാണ് സിക. ജയ്പൂരില്‍നിന്നും സമീപത്തെ രണ്ട് ജില്ലകളില്‍നിന്നുമായി ബുധനാഴ്ച 20 കേസുകള്‍ കൂടി സ്ഥിരീകരിച്ചു.
ജയ്പൂരിലെത്തിയ കേന്ദ്ര സംഘം സിക, ഡെംഗു, ചിക്കുന്‍ഗുനിയ വൈറസുകള്‍ പടര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ നഗരത്തില്‍ ഉപയോഗിക്കുന്ന കീടനാശിനി മാറ്റാന്‍ നിര്‍ദേശം നല്‍കി. സിന്ധി ക്യാമ്പില്‍നിന്നും ജനവാസം കൂടുതലുള്ള ശാസ്ത്രി നഗറില്‍നിന്നും ശേഖരിച്ച കൊതുകുകളില്‍ സിക വൈറസ് കണ്ടെത്തിയിരുന്നു. മെഡിക്കല്‍, ഹെല്‍ത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി വീണു ഗുപ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമാണ് രോഗബാധിതരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ചികിത്സക്കു ശേഷം സിക ബാധിതരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ വൈറസ് മുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശാസ്ത്രി നഗറില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ശാസ്ത്രി നഗറില്‍ രോഗബാധയുള്ളവരെ കണ്ടെത്താന്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കിടയില്‍ സര്‍വേ നടത്തി. സര്‍വേക്കിടയില്‍ കൊതുകു ലാര്‍വ നശിപ്പിക്കാന്‍ 330 സംഘങ്ങളെ നിയോഗിച്ചിരുന്നു. പനി, പേശി വേദന തുടങ്ങിയ അടയാളങ്ങള്‍ കാണിക്കുന്ന സിക വൈറസ് ഗര്‍ഭിണികള്‍ക്കാണ് ഏറ്റവും മാരകം. നവജാത ശിശുക്കളുടെ തല ചെറുതാകാനും മറ്റു വൈകല്യങ്ങള്‍ക്കും സിക വൈറസ് കാരണമാകാമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗ ബാധിതരുള്ള പ്രദേശങ്ങളില്‍ പോകരുതെന്ന് ഗര്‍ഭിണികളോട് സംസ്ഥാന ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ 2017 ജനുവരിയില്‍ അഹമ്മദാബാദിലാണ് സിക വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ജൂലൈയില്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗരി ജില്ലയില്‍ വൈറസ് സ്ഥിരീകരിച്ചു. രണ്ട് സ്ഥലങ്ങളിലും വളരെ വേഗം രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നു.