ഒരു ഫലസ്തീനി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക്
പരിക്കേല്‍ക്കുകയും ചെയ്തു
റോക്കറ്റാക്രമണത്തില്‍ പങ്കില്ലെന്ന് ഹമാസ്
ഗാസ സിറ്റി- ഫലസ്തീനില്‍ നിന്ന് റോക്കറ്റാക്രമണം നടത്തിയെന്ന് ആരോപിച്ച് ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം നടത്തി. ഇസ്രായില്‍ യുദ്ധ വിമാനങ്ങള്‍ ഗാസയില്‍ 20 കേന്ദ്രങ്ങളിലാണ് ബോംബിട്ടത്. ഒരു ഫലസ്തീനി കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റോക്കറ്റാക്രമണത്തെ ഹമാസ് അപലപിച്ചു. ദീര്‍ഘകാല സമാധാനമുണ്ടാക്കുന്നതിന് ഇസ്രായില്‍ മധ്യസ്ഥതയില്‍ നടക്കുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്ന നിരുത്തരവാദപരമായ ശ്രമങ്ങളെ തള്ളുന്നുവെന്നാണ് ഹമാസിന്റെ പ്രതികരണം. എന്നാല്‍ ആര് അയച്ചാലും റോക്കറ്റാക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസിനാണെന്ന നിലപാടിലാണ് ഇസ്രായില്‍. ഇതേ തുടര്‍ന്നാണ് ഗാസയിലെ കേന്ദ്രങ്ങളില്‍ വ്യാപക വ്യോമാക്രമണം നടത്തിയത്.
പ്രതികാര നടപടിയുടെ ഭാഗമായി ഗാസയിലേക്കുള്ള രണ്ട് അതിര്‍ത്തി ക്രോസിംഗുകളും ഇസ്രായില്‍ അടച്ചു. ഇന്നലെ ഉദയത്തിനു മുമ്പായാണ് ഗാസയില്‍ നിന്ന് രണ്ട് റോക്കറ്റുകള്‍ തൊടുത്തത്. ഇതിലൊന്ന് തെക്കന്‍ പട്ടണമായ ബീര്‍ശേബയിലെ ഒരു വീടിന് കാര്യമായ നാശനഷ്ടമുണ്ടാക്കിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. മൂന്ന് കുട്ടികളെ മാതാവ് സുരക്ഷിത മുറിയിലേക്ക് മാറ്റിയതിനാലാണ് ആളപായം ഒഴിവായത്. വീടിന്റെ ഭൂരിഭാഗവും തകര്‍ന്നിരുന്നു. റോക്കറ്റാക്രമണത്തിനു ശേഷം ബീര്‍ശേബാ പട്ടണത്തിലെ ഇസ്രായിലികള്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരുന്നുവെന്നും സൈന്യം ട്വീറ്റ് ചെയ്തു.
ഗാസയില്‍ നിന്ന് 70 കി.മീ അകലെ ടെല്‍അവീവ് സമുദ്രത്തിലാണ് രണ്ടാമത്തെ റോക്കറ്റ് പതിച്ചത്. ശക്തമായ തിരിച്ചടി നല്‍കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്ക് ശേഷം ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കിയിരുന്നു. ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായില്‍ ശക്തമായ നടപടി കൈക്കൊള്ളും -നെതന്യാഹു പറഞ്ഞു.
എന്നാല്‍ റോക്കറ്റ് ആക്രമണം നിരുത്തരവാദപരമെന്ന് ചൂണ്ടിക്കാട്ടി ഹമാസും ഇസ്്‌ലാമിക് ജിഹാദും അപലപിച്ചു. എന്നാല്‍ ഹമാസാണ് ഭരിക്കുന്നതെന്നും അവര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്നും ഇസ്രായില്‍ സൈനിക വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നതിനു തൊട്ടു മുമ്പായി ഒര ഫലസ്തീനി അതിര്‍ത്തിയില്‍ റോക്കറ്റ് ആക്രമണത്തിനു തയാറെടുക്കുന്ന വീഡിയോ ഇസ്രായില്‍ പുറത്തു വിട്ടിരുന്നു.
--